ന്യൂഡല്‍ഹി: പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്ന ഡല്‍ഹി സര്‍വകലാശാല ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ തത്സമയ സ്ക്രീനിങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാര്‍ഥികളോട് കൂടുതല്‍ കോളജുകള്‍. ഹിന്ദു കോളേജിനു പിന്നാലെ അംബേദ്കര്‍, സാഖിര്‍ ഹുസൈന്, കിരോരി മാല് കോളജുകളും വിദ്യാര്‍ഥികള്‍ക്കു നോട്ടീസ് നല്കി.
കോളജുകളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും എന്നും കറുപ്പ് ധരിച്ച് എത്തരുതെന്നുമാണ് ഹിന്ദു കോളജിലെ നിര്‍ദേശം. 11 മണി മുതല്‍ 12 മണി വരെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തിലാണു പരിപാടി.
കലാപത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ മണിപുരില്നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധത്തിലാണ്. ഭയപ്പെടുത്തേണ്ടെന്ന നിലപാടിലാണ് വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും. പരിപാടിയുടെ ഭാഗമായി വന്‍ സുരക്ഷയാണ് സര്‍വകലാശാലയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.
ഡല്‍ഹി സര്‍വകലാശാലയുടെ നൂറാം വാര്‍ഷികത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണു മോദി ഇന്ന് ക്യാംപസിലെത്തുന്നത്. സന്ദര്‍ശനത്തില്‍ പുതിയ മൂന്ന് കെട്ടിടത്തിന്റെ തറക്കല്ലിടും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ എല്ലാ കോളജുകളിലും പരിപാടി ലൈവായി പ്രദര്‍ശിപ്പിക്കും.