തിരുവനന്തപുരം: എസ്എഫ്‌ഐ നേതൃത്വം തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തില്‍ സംഘടനയില്‍ ശക്തമായി ഇടപെടാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, എസ്എഫ്‌ഐയെ ശക്തമായി നിയന്ത്രിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. എസ്എഫ്‌ഐയില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്.
എസ്എഫ്‌ഐയില്‍ പ്രാദേശിക തലത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പാര്‍ട്ടി യഥാസമയം ഇടപെടല്‍ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം. തിരുത്തപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കില്‍ തിരുത്തണം. നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സാഹചര്യം ഉണ്ടാകരുത്. ഓരോ ജില്ലയിലെയും വിദ്യാര്‍ഥി സംഘടനാ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവര്‍ത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണം. വിദ്യാര്‍ഥികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച പെണ്‍കുട്ടിക്കു പകരം എസ്എഫ്‌ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയത് പാര്‍ട്ടിക്കു നാണക്കേടായതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് എസ്എഫ്‌ഐയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നിരവധി ആരോപണം ഉയര്‍ന്ന തലസ്ഥാന ജില്ലയില്‍ വീണ്ടുമുണ്ടായ വിവാദം പാര്‍ട്ടി ഗൗരവത്തോടെയാണ് കണ്ടത്. പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി.
മഹാരാജാസ് കോളജിന്റെ പേരില്‍ ജോലിക്കായി വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ വാര്‍ത്തകളില്‍ നിറഞ്ഞതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. മുതിര്‍ന്ന സിപിഎം നേതാവ് പി.കെ.ശ്രീമതി വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് ബികോം ജയിക്കാതെ എംകോമിനു പ്രവേശനം നേടിയ വാര്‍ത്ത പാര്‍ട്ടിയെ വെട്ടിലാക്കി. വിശാഖിനെയും വിദ്യയെയും പാര്‍ട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണയ്ക്കാനാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. രേഖകള്‍ പുറത്തുവന്നതോടെ, നിഖിലിനു നല്‍കിയ പിന്തുണ നാണക്കേടായി മാറി.
എസ്എഫ്‌ഐ നേതൃത്വത്തില്‍ മാറ്റങ്ങള്‍ വരുത്താനാണ് പാര്‍ട്ടി ആലോചന. അടുത്ത മാസം ആദ്യം നടക്കുന്ന എസ്എഫ്‌ഐ പഠന ക്യാംപില്‍ ഇതിനുള്ള മുന്നൊരുക്കമുണ്ടാകും. ജില്ലാതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് നേതൃത്വം നല്‍കുന്നത്. എസ്എഫ്‌ഐ നേതൃത്വം സര്‍ക്കാരിനു തലവേദനയാകുന്നതില്‍ എല്‍ഡിഎഫിലും അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയതോടെ ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കും.