കുമളി: കമ്പം ടൗണിലിറങ്ങി കാട്ടാന അരിക്കൊമ്പന്റെ പരാക്രമം. ലോവര്‍ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിര്‍ത്തി കടന്ന് കമ്പം ടൗണിലെത്തിയ അരിക്കൊമ്പന്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തകര്‍ത്തു. അരിക്കൊമ്പനെ കണ്ട് വിരണ്ടോടുന്നതിനിടെ മൂന്ന് പേര്‍ക്ക് വീണു പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. ഇവിടെ നടരാജ കല്യാണമണ്ഡപത്തിനു പുറകില്‍ വരെ അരിക്കൊമ്പന്‍ എത്തി.
അരിക്കൊമ്പന്‍ കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ ബഹളം വയ്ക്കുമ്പോള്‍ അരിക്കൊമ്പന്‍ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആളുകളെ ഓടിക്കുന്നതും ഒരു ഓട്ടോറിക്ഷ തകര്‍ക്കുന്നതും വീഡിയോയിലുണ്ട്. അരിക്കൊമ്പന്‍ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ഫലം കാണുന്നില്ലെന്നാണ് സൂചന.
ഇന്നലെ വരെ ചിന്നക്കനാല്‍ മേഖലയിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് വ്യക്തമായിരുന്നത്. കൃഷി സ്ഥലങ്ങള്‍ ഏറെയുള്ള ഭാഗമാണ് കമ്പം. തമിഴ്‌നാട്, കേരള വനംവകുപ്പ് അധികൃതര്‍ ആനയെ നിരീക്ഷിക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്നാട് വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കടന്നിരുന്നു.
ചിന്നക്കനാലില്‍ നിന്നാണ് ഏപ്രില്‍ 29ന് മയക്കുവെടിവച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു.
അരിക്കൊമ്പനെ തളയ്ക്കാന്‍ കുങ്കികള്‍
കമ്പം: പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിഭീതി പരത്തിയ പശ്ചാത്തലത്തില്‍ ആനയെ തളയ്ക്കാന്‍ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. തമിഴ്‌നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു.
കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പ് നടത്തുന്നത്. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.
കമ്പം ടൗണില്‍നിന്ന് വളരെ ചെറിയ ദൂരമാണ് കേരള അതിര്‍ത്തിയായ കുമളിയിലേക്കും ഇടുക്കിയിലേക്കുമുള്ളത്. നിലവില്‍ ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പനുള്ളത്. കമ്പം ടൗണില്‍നിന്ന് 88 കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്. കഴിഞ്ഞ ദിവസം വനം മേഖലായിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ നീണ്ട സഞ്ചാരം വഴിയാണിത് സാധ്യമായത്. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കമ്പത്തെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.