ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഒരോ കന്നഡിയന്റെയും സ്വപ്നം എന്റെയും സ്വപ്നം കൂടിയാണ്, നിങ്ങളുടെ തീരുമാനം എന്റെയും കൂടി തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്ന പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയും എത്തിച്ചേരണം. ഇത് നടപ്പിലാക്കണമെങ്കില്‍ കര്‍ണാടകയില്‍ സമ്പദ് വ്യവസ്ഥ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ നിര്‍ണായകവും കേന്ദ്രീകൃതവുമായ സമീപനത്തിലൂടെ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കര്‍ണാടക നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി നരേന്ദ്രമോദി ചൂണ്ടികാട്ടി.
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോകളും പൊതുയോഗങ്ങളും സംസ്ഥാനത്തെ ആവേശത്തിലാക്കിയിരുന്നു. പ്രചാരണം അവസാനിക്കുമ്പോള്‍ ബിജെപിക്ക് വലിയ മുന്‍തൂക്കവും ലഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിമസഭ തിരഞ്ഞെടുപ്പ് മെയ് 10-നാണ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 13-ന് നടക്കും.