മുംബൈ: ശരദ് പവാര്‍ എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. അജിത് പവാര്‍ ‘സംശയനിഴലില്‍’ നില്ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പുനഃസംഘടനയ്ക്കു വഴിയൊരുക്കാനാണെന്നാണ് അഭ്യൂഹം. എന്നാല്‍ ആരാവും ഇനി പാര്‍ട്ടിയെ നയിക്കുകയെന്ന് അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പവാറിന്റെ രാജി പ്രഖ്യാപനം. ഇതോടെ ഞെട്ടിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം മാറ്റാതെ വേദി വിടില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ എന്‍സിപി കമ്മിറ്റി എടുക്കുന്ന തീരുമാനം ശരദ് പവാര്‍ അംഗീകരിക്കുമെന്ന് അജിത് പവാര്‍ പ്രതികരിച്ചു. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
1999 ല്‍ എന്‍സിപി രൂപീകരിച്ച നാള് മുതല്‍ അധ്യക്ഷനായി തുടര്‍ന്ന് വരികയായിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്കി ബിജെപിക്കു വന്‍തിരിച്ചടി നല്‍കുന്നതിന്റെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു.
രാജ്യസഭയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാര്‍ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1 നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാര്‍ കൂട്ടിചേര്‍ത്തു.
ഭാവി നടപടി തീരുമാനിക്കാന്‍ മുതിര്‍ന്ന എന്‍സിപി നേതാക്കളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചതായി പവാര്‍ അറിയിച്ചു. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, പി.സി ചാക്കോ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഹൗദ്, ഹസന് മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ജയദേവ് ഗെയ്ക്വാദ് എന്നിവരാണ് സമിതി അംഗങ്ങള്‍. എന്‍സിപി അംഗങ്ങളായ പലരും ശരദ് പവാറിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും തീരുമാനത്തില്‍ നിന്നും പവാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. പാര്‍ട്ടിയിലെ നിരവധി എംഎല്‍എമാരുടെ പിന്തുണ അജിത്തിനുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശരദ് പവാര്‍ മൗനം പാലിക്കുകയായിരുന്നു. താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അജിത് പവാര്‍ തന്നെ രംഗത്തെത്തിയതോടെയാണ് രംഗം തണുത്തത്.
അടുത്തിടെ വ്യവസായി ഗൗതം അദാനിയെ പിന്തുണച്ച് ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു, അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച പവാര്‍, അദാനി രാജ്യത്തിനു നല്കുന്ന സംഭാവനകള്‍ അവഗണിക്കരുതെന്നും ഓര്‍മിപ്പിച്ചിരുന്നു.
രാജ്യം വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ വിഷയമാക്കുന്നതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു. എന്‍സിപി കൂടി ഉള്‍പ്പെട്ട മഹാരാഷ്ട്ര പ്രതിപക്ഷ സഖ്യത്തിലെ കക്ഷിയായ ശിവസേന (ഉദ്ധവ് വിഭാഗം)യുടെ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു പവാറിന്റെ നിലപാട്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവ നേരിടുമ്പോള്‍ വിദ്യാഭ്യാസ ബിരുദം രാജ്യത്തെ രാഷ്ട്രീയ വിഷയമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.