സംസ്ഥാനത്ത് ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. സാമ്പത്തിക സഹായങ്ങള്‍ക്ക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് (ഡി.എസ്.ടി) അനുമതി നല്‍കി. മാര്‍ച്ച് എട്ടിന് ഹെഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധസമിതിയാണ് സാമ്പത്തിക സഹായങ്ങള്‍ക്ക് ശുപാര്‍ശ നൽകിയത്.
കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഹരിത ഹൈഡ്രജന്‍ വാലികളാണ് കേരളം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡി.എസ്.ടിക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്.
നിലവില്‍ ഇന്ത്യയില്‍ ഹരിത ഹൈഡ്രജന്‍ നിര്‍മാണം കാര്യമായി നടക്കുന്നില്ല. വ്യാവസായിക ഉത്പാദനത്തിലും വലിയ വാഹനങ്ങളിലും മാത്രമാണ് ഹരിത ഹൈഡ്രജന്‍ ഉപയോഗിക്കാന്‍ കഴിയുന്നത്.
23 രാജ്യങ്ങളുടെയും യൂറോപ്യന്‍ കമ്മീഷന്റെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമായ മിഷന്‍ ഇന്നവേഷന്റെ കീഴില്‍ ഹെഡ്രജന്‍ വാലികള്‍ നിര്‍മിക്കാന്‍ ഏജന്‍സികളില്‍ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും താങ്ങാവുന്നതും പ്രാപ്യവുമായ രീതിയില്‍ ക്ലീന്‍ എനര്‍ജി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടനയാണ് മിഷന്‍ ഇന്നവേഷന്‍.പുനരുത്പാദന ഇന്ധനങ്ങള്‍ ഉപയോഗിച്ച് വെള്ളം ഇലക്ട്രോലിസിസ് നടത്തിയാണ് ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നത്.
2030 ഓടെ 5 മില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഉത്പാദനമാണ് ദേശീയ ഹൈഡ്രജന്‍ മിഷന്‍ ഉന്നമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഹൈഡ്രജന്‍ വാലികള്‍ സ്ഥാപിക്കുന്നത്.
ഗതാഗത മേഖലയില്‍ ഹരിത ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാന്‍ എം.എന്‍.ആര്‍.ഇയുടെ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ബിഡ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഏജന്‍സിയായ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രോജക്ട് അപ്രൈസല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.