ജയ്പൂര്‍: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാത്തതില്‍ വിശദീകരണവുമായി ഇന്ത്യന്‍ ടീം മുന്‍ സിലക്ടര്‍ ശരണ്‍ദീപ് സിങ്. അവസരം നല്‍കിയപ്പോള്‍ സഞ്ജുവിന് അതു കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നു ശരണ്‍ദീപ് സിങ് പ്രതികരിച്ചു. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ട്വന്റി20യില്‍ ആദ്യ മത്സരം കളിച്ചപ്പോള്‍ സിലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന ആളാണ് ശരണ്‍ദീപ് സിങ്.
”ഞങ്ങള്‍ സിലക്ടര്‍മാരായിരുന്നപ്പോള്‍ സഞ്ജുവിന് ട്വന്റി20യില്‍ ഓപ്പണറുടെ റോളില്‍ അവസരങ്ങളുണ്ടായിരുന്നു. സഞ്ജുവിന് ആവശ്യമായ അവസരം നല്‍കി. എന്നാല്‍ ആ സമയത്ത് സഞ്ജുവിനു പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഏകദിന ക്രിക്കറ്റില്‍ മധ്യനിരയില്‍ കളിക്കാനിറങ്ങി സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ആ സമയത്തു തന്നെ മറ്റു വിക്കറ്റ് കീപ്പര്‍മാരും നന്നായി തിളങ്ങിയിരുന്നു.”- ഒരു ദേശീയ മാധ്യമത്തോടു ശരണ്‍ദീപ് സിങ് പറഞ്ഞു.
”ഇഷാന്‍ കിഷന്‍ അടുത്തിടെയാണ് ഡബിള്‍ സെഞ്ചറി നേടിയത്. ഋഷഭ് പന്ത് ഇവിടെയുണ്ട്. ദിനേഷ് കാര്‍ത്തിക്ക് കഴിഞ്ഞ വര്‍ഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തി. അതുകൊണ്ടാണ് സഞ്ജുവിന് ചിലപ്പോഴൊക്കെ അവസരം കിട്ടാതെ പോയത്. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ കിരീടം നേടിയാലും ദേശീയ ടീമിലേക്കു സിലക്ഷന്‍ നേടാന്‍ അതു സഹായിക്കുമെന്നു തോന്നുന്നില്ല.”
”നിങ്ങള്‍ ഐപിഎല്‍ വിജയിച്ചാലും, ആവശ്യത്തിന് റണ്‍സ് സ്‌കോര്‍ ചെയ്തില്ലെങ്കില്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തും. മികച്ച പ്രകടനം മാത്രമാണ് ടീമിലെത്താനുള്ള അളവുകോല്‍. ഈ ഐപിഎല്‍ സീസണില്‍ 700-800 റണ്‍സൊക്കെ എടുത്താല്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകും. ഐപിഎല്‍ വിജയിക്കുന്നതും പ്രധാനമാണ്. പക്ഷേ നല്ല പ്രകടനമുണ്ടെങ്കില്‍ മാത്രമേ ടീമിലെത്താന്‍ സാധിക്കൂ.”- ശരണ്‍ദീപ് സിങ് പറഞ്ഞു.
ഐപിഎല്ലില്‍ മികച്ച തുടക്കം ലഭിച്ച സഞ്ജു സാംസണ്‍ 2023 സീസണില്‍ ആറു മത്സരങ്ങളില്‍നിന്ന് 159 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ കളിച്ച സഞ്ജു 458 റണ്‍സാണ് ആകെ നേടിയത്. ഏകദിന ലോകകപ്പ് അടുത്തു നില്‍ക്കുന്ന സമയമായതിനാല്‍ താരത്തിന്റെ ഈ സീസണിലെ പ്രകടനം ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നതില്‍ നിര്‍ണായകമാകും.