ബെംഗളൂരു: കുഞ്ഞു പിറന്നിട്ടു പോലും വീട്ടിലേക്കു പോകാതെ ടീമിനൊപ്പം തുടര്‍ന്ന വരുണ്‍ ചക്രവര്‍ത്തിയുടെ സമര്‍പ്പണത്തിന് വിക്ടറി സല്യൂട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒത്തൊരുമയോടെ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഐപിഎല്‍ മത്സരത്തില്‍ 21 റണ്‍സ് ജയം. സ്‌കോര്‍: കൊല്‍ക്കത്ത- 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200. ബാംഗ്ലൂര്‍- 20 ഓവറില്‍ 8ന് 179.
ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തയ്ക്കായി ജയ്‌സന്‍ റോയിയും (29 പന്തില്‍ 56) ചേസ് ചെയ്ത ബാംഗ്ലൂരിനായി വിരാട് കോലിയും (37 പന്തില്‍ 54) അര്‍ധ സെഞ്ചറി നേടി. കൊല്‍ക്കത്തയ്ക്കു വേണ്ടി 4 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. പുരസ്‌കാരനേട്ടം കഴിഞ്ഞ ദിവസം പിറന്ന തന്റെ കുഞ്ഞിനാണ് ചക്രവര്‍ത്തി സമര്‍പ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 200 റണ്‍സ്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചറി നേടിയ ഇംഗ്ലിഷ് താരം റോയ് 4 ഫോറും 5 സിക്‌സുമടിച്ചു. ക്യാപ്റ്റന്‍ നിതീഷ് റാണ (21 പന്തില്‍ 48), വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ 31) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ റിങ്കു സിങ് (10 പന്തില്‍ 18), ഡേവിഡ് വീസ (3 പന്തില്‍ 12) എന്നിവരുടെ മിന്നല്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ 200ല്‍ എത്തിച്ചത്. 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഹസരംഗയാണ് ബാംഗ്ലൂര്‍ ബോളര്‍മാരില്‍ തിളങ്ങിയത്. 4 ഓവറില്‍ 41 റണ്‍സ് വഴങ്ങിയെങ്കിലും വി.വൈശാഖും 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കോലിയും ഇംപാക്ട് പ്ലെയര്‍ ആയി ഇറങ്ങിയ ഡുപ്ലെസിയും (7 പന്തില്‍ 17) ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. എന്നാല്‍ മൂന്നാം ഓവറില്‍ ഡുപ്ലെസി പുറത്തായതോടെ ഒരറ്റത്ത് വിക്കറ്റ് വീഴ്ച തുടങ്ങി. മഹിപാല്‍ ലോംറോര്‍ (18 പന്തില്‍ 34), ദിനേശ് കാര്‍ത്തിക് (18 പന്തില്‍ 22) എന്നിവര്‍ മാത്രമാണ് പിന്നീട് കുറച്ചെങ്കിലും പിടിച്ചു നിന്നത്. 13-ാം ഓവറില്‍ കോലിയും പുറത്തായതോടെ ബാംഗ്ലൂരിന്റെ പ്രതീക്ഷയറ്റു. 6 ഫോറുകള്‍ അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. ഗ്ലെന്‍ മാക്‌സ്വെല്‍ (5), ലോംറോര്‍, കാര്‍ത്തിക് എന്നിവരെ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്.