തിരുവനന്തപുരം: പ്രധാനമന്ത്രി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി. അല്‍പസമയത്തിനകം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. ക്ഷണിക്കപ്പെട്ട യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
രാവിലെ 10.10 നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു സ്വീകരിക്കും. വന്ദേഭാരത് ഫ്‌ളാഗ് ഓഫിനുശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം അല്‍പനേരം ചെലവഴിക്കും.. തുടര്‍ന്ന് പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയുംചെയ്യുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാന്‍, ആന്റണി രാജു, ശശി തരൂര്‍ എംപി എന്നിവര്‍ പങ്കെടുക്കും. വിവിധ ജില്ലകളിലെ പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തില്‍ നിര്‍വഹിക്കുമ്പോള്‍ ഈ ജില്ലകളില്‍ പ്രാദേശികമായി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി നേമം, കൊച്ചുവേളി റെയില്‍വേ ടെര്‍മിനലുകള്‍ സന്ദര്‍ശിക്കും.