തിരുവനന്തപുരം: വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടിയെ വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റുന്നതിനിടെ വലയില്‍നിന്ന് ഊര്‍ന്ന് കിണറ്റിലേക്ക് വീണതാണ് രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട് കരടി ചാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസൂത്രണത്തിലെ പാളിച്ചകള്‍ക്കൊപ്പം ജനങ്ങള്‍ തിക്കിത്തിരക്കിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
വെള്ളനാട് കണ്ണമ്പള്ളിയില്‍ പ്രഭാകരന്‍ നായര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കരടി വീണത്. തൊട്ടു ചേര്‍ന്നുള്ള വിജയന്റെ വീട്ടിലെ കോഴികളെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ അകപ്പെട്ടത്. വിജയന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ പതിനഞ്ചോളം കോഴികളുണ്ടായിരുന്നു. പശുവിന്റെ ശബ്ദം കേട്ട് വിജയന്‍ എണീറ്റ് എത്തുമ്പോള്‍ കോഴിക്കൂട് തകര്‍ന്ന നിലയിലായിരുന്നു. രണ്ടു കോഴികള്‍ ചത്ത നിലയില്‍ കൂട്ടിലുണ്ടായിരുന്നു. ബാക്കിയുള്ള കോഴികള്‍ പറമ്പിലായിരുന്നു. കിണറ്റിലെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കരടി കിണറ്റില്‍ വീണത് അറിഞ്ഞത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥലത്തെത്തി. കരടി കിണറ്റിന്റെ വശങ്ങളില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. പലതവണ മുകളിലേക്ക് കയറാന്‍ കരടി ശ്രമിച്ചെങ്കിലും വഴുതി വെള്ളത്തിലേക്കു വീണു. കരടി മുകളിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല വിരിച്ചു. വലിയ കരടി ആയതിനാല്‍ മയക്കാതെ വലയില്‍ കുടുക്കി എടുക്കുന്നത് പ്രായോഗികമായിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുലര്‍ച്ചെ 4 മണിയോടെ മൃഗശാലയിലെ ഡോ. അലക്സാണ്ടര്‍ ജേക്കബിനെ വനംവകുപ്പ് വിവരം അറിയിച്ചു. മൃഗശാല ഡയറക്ടറുടെ നിര്‍ദേശം അനുസരിച്ച് ഡോക്ടര്‍ സ്ഥലത്തെത്തി. വലയെറിഞ്ഞ് കുരുക്കിയാല്‍ കരടി വല കീറാന്‍ സാധ്യതയുണ്ടായിരുന്നു. പുറത്തെത്തിച്ചശേഷം വലകീറിയാല്‍ ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാം എന്നതും വനംവകുപ്പ് പരിഗണിച്ചു. മോട്ടര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചപ്പോള്‍ വയര്‍ കരടി മുറിച്ചു. ഇതോടെ മയക്കുവെടി വയ്ക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലേക്ക് വനംവകുപ്പ് എത്തി.
വനംവകുപ്പ് വിരിച്ച വലയുടെ മുകളിലിരുന്ന കരടിയെ രാവിലെ 9.20ന് ഡോ.അലക്സാണ്ടര്‍ വെടിവച്ചു. രണ്ടാമത്തെ വെടി കരടിയുടെ ദേഹത്തുകൊണ്ടു. കരടിയെ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വലയില്‍നിന്ന് തെന്നിമാറി വെള്ളത്തിലേക്ക് വീണു. കിണറില്‍ രണ്ടാള്‍പൊക്കം വെള്ളമുണ്ടായിരുന്നു. കരടിയെ വെള്ളത്തില്‍നിന്ന് ഉയര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും കരടി പൂര്‍ണമായി മയങ്ങാത്തതിനാല്‍ ശ്രമം വിജയിച്ചില്ല.
കിണറ്റിലിറങ്ങിയ ഉദ്യോഗസ്ഥന് ശ്വാസം കിട്ടാതെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിവച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും കരടിയെ മുകളിലേക്ക് കയറ്റാന്‍ കഴിയാതെ വന്നതോടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കരടി മയക്കത്തിലാണോ എന്ന് ഉറപ്പില്ലാത്തിതിനാല്‍ പിന്നീട് അരമണിക്കൂറോളം ആരും കിണറിലേക്ക് ഇറങ്ങിയില്ല. നാട്ടുകാര്‍ കിണറിനു ചുറ്റും കൂടിയതോടെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. 11 മണിയോടെ നെടുമങ്ങാട് ഫയര്‍ഫോഴ്സ് യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കിണറിലേക്ക് ഇറങ്ങി കരടിയെ വലിയില്‍ കെട്ടി പുറത്തെത്തിച്ചു. പ്രത്യേക കൂടില്‍ പാലോട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. കരടി ചത്തതായി 11.50 ഓടെ സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രമായ കണ്ണമ്പള്ളിയില്‍ മുന്‍പ് വന്യജീവികള്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനമേഖലയായ അഗസ്ത്യാര്‍കൂടം ഇവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയാണ്.