തിരുവനന്തപുരം: ഭാരതത്തിന്റെ വികസന സാധ്യതകള്‍ ലോകം അംഗീകരിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ വികസിത ശക്തിയുടെ ഗുണം പ്രവാസികള്‍ക്കും ലഭിക്കുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിന്. അടിസ്ഥാന സൗകര്യവികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്.
റെയില്‍വേ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്ന് പോകുന്നു. മുന്‍പുള്ള സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ അഞ്ചിരട്ടി തുകയാണ് റെയില്‍വേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘മലയാളി സ്‌നേഹിതരേ’ എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തത്. കേരളം വിജ്ഞാന സമൂഹമാണ്. കേരളത്തിലെ ജനത ഏറെ പ്രത്യകതയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ മൂന്നു സ്റ്റേഷനുകള്‍ ആധുനീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇവ കേവലം റെയില്‍വേ സ്റ്റേഷനുകള്‍ മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍ കൂടിയാണ്. കേരളത്തില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര വന്ദേഭാരത് ട്രെയിന്‍ സുഗമമാക്കും. കേരള-ഷൊര്‍ണൂര്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജലമെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, റെയില്‍വേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. ഇതില്‍ 1,140 കോടി രൂപയുടെ തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട്, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണവും ഉള്‍പ്പെടുന്നു. തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്ഷനിലെ 366.83 കിലോമീറ്റര്‍ വേഗം കൂട്ടാന്‍ ട്രാക്ക് നവീകരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പാലക്കാട്-ദിണ്ടിഗല്‍ മേഖലയിലെ റെയില്‍വേ ലൈന്‍ വൈദ്യുതീകരണ പ്രവര്‍ത്തനത്തിനും തുടക്കമായി.