ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തേക്കാള്‍ 15 സീറ്റുകള്‍ കര്‍ണാടകയില്‍ ബിജെപി അധികം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും അനുകൂല വോട്ടായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.
”5 വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന ട്രെന്‍ഡ് രാജ്യത്ത് മാറുകയാണ്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടി. അസമിലും ത്രിപുരയിലും പാര്‍ട്ടി ജയിച്ചു. 2014നു ശേഷമുള്ള ഈ ട്രെന്‍ഡ് കര്‍ണാടകയിലും ആവര്‍ത്തിക്കും.
ഭൂരിപക്ഷത്തിന് ആവശ്യമായ 113 സീറ്റിലും അധികമായി 15 സീറ്റിലും ബിജെപി ജയിക്കുമെന്ന് ഉറപ്പു തരുന്നു. ഇക്കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. എക്കാലത്തെയും മികച്ച വിജയമാകും നേടുക. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോടതികളില്‍ കേസില്ല. അഴിമതി നടത്തിയെന്നതിനു തെളിവില്ലാത്തതിനാലാണ് കോണ്‍ഗ്രസ് കോടതിയിലേക്കു പോകാത്തത്.
ജഗദീഷ് ഷെട്ടറും ലക്ഷ്മണ്‍ സാവദിയും പാര്‍ട്ടി വിട്ടത് ഒരുതരത്തിലും ബാധിക്കില്ല. മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നെങ്കില്‍ രണ്ടു പേരും ഇവിടെ ഉണ്ടാകുമായിരുന്നു. രണ്ടു സീറ്റ് എന്നത് ബിജെപിക്ക് അത്ര വലിയ കാര്യമാണോ? ഷെട്ടറും സാവദിയും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്ന് ഉറപ്പാണ്. ജാതി വോട്ടുകള്‍ എന്ന ചിന്തയില്‍നിന്ന് മാധ്യമങ്ങള്‍ മാറിച്ചിന്തിക്കണം. മോദി ഭരണത്തിന്റെ ഗുണഫലങ്ങള്‍ നേരിട്ടുകിട്ടിയ വലിയൊരു വിഭാഗം വോട്ടര്‍മാരുണ്ട്.”- അമിത് ഷാ പറഞ്ഞു.