വണ്ടൂര്‍ (മലപ്പുറം): ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ നടന് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്ങോട് ജനകീയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30ന് ആണ് സംഭവം.
മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകര്‍ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയില്‍ ശരീരം വിയര്‍ത്ത് തളര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
‘കാര്‍ഡിയാക് അറസ്റ്റ് ആയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. ആറോ ഏഴോ സിപിആര്‍ നല്കിയ ശേഷം നില മെച്ചപ്പെട്ടു. നിലവില്‍ ഐസിയുവില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണ് ഉള്ളത്. കുടുംബാംഗങ്ങള്‍ കോഴിക്കോട്ടുനിന്ന് എത്തിയശേഷം അവരുമായി ആലോചിച്ച് നിലവില്‍ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇപ്പോള്‍ ബിപിയെല്ലാം സാധാരണ നിലയിലാണ്.’ – ഡോക്ടര്‍ പറഞ്ഞു.