കൊച്ചി: ‘ദ് കേരള സ്റ്റോറി’ സിനിമയ്ക്ക് അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സംഭവത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഉള്‍പ്പെടെ കോടതി വിശദീകരണം തേടി. സിനിമയുടെ ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
ടീസറിലെ പരാമര്‍ശങ്ങള്‍ സിനിമയുടെ പൂര്‍ണമായ ഉദ്ദേശ്യമായി കണക്കാക്കാനാക്കുമോയെന്ന് കോടതി ചോദിച്ചു. നിങ്ങള്‍ ടീസര്‍ മാത്രമേ കണ്ടിട്ടുള്ളൂ, ചിത്രം കണ്ടിട്ടില്ലല്ലോയെന്നും ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. ടീസര്‍ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്നും കോടതി ചോദിച്ചു.
സിനിമ പ്രദര്‍ശനത്തിന് സ്റ്റേ ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ എന്‍ജിഒ ഭാരവാഹി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേട്ടത്. വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കം ചെയ്യണം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടിയും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീര്‍ത്തിപെടുത്തുന്നതാണ്. നിലവില്‍ 10 രംഗങ്ങള്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.