കോട്ടയം: കടുത്തുരുത്തിയില്‍ ആത്മഹത്യ ചെയ്ത ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ് ആഷിഷ് ദാസ് ഐഎഎസ്. സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചത് മൂലമാണ് ആതിര ആത്മഹത്യ ചെയ്തത്. ആതിരയ്ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ സുഹൃത്ത് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാട്ടില്‍നിന്ന് ഒളിവില്‍ പോയ സുഹൃത്ത് ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആതിരയുടെ സുഹൃത്ത് അരുണ്‍ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ആതിരയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ്. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുണ്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് പരാതി.
”ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നു. വിവാഹാലോചനയിലേക്കുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇയാളുടെ സ്വാഭാവം മേശമാണെന്നറിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് ആലോചിക്കാമെന്നു പറഞ്ഞു. പിന്നീട് ഇരുവര്‍ക്കും തമ്മിലും പ്രശ്‌നങ്ങളുണ്ടായി. മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു ആയതോടെ തമ്മില്‍ പിരിഞ്ഞു. അവന് വേറെ വിവാഹവും ഉറപ്പിച്ചു. എന്നാല്‍, ആതിരയ്ക്ക് വിവാഹാലോചന തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയത്. അന്ന് രാത്രി ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു”.
”ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് അയാള്‍. വിഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ടുള്‍പ്പെടെ സേവ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കി. പൊലീസുള്‍പ്പെടെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ഞാന്‍ ആണെന്ന് പറഞ്ഞ് എന്റെ ഫോട്ടോയുള്‍പ്പെടെ പോസ്റ്റ് ചെയ്തു”- അദ്ദേഹം പറഞ്ഞു.
”ഒരു തൊട്ടാവാടിയായിരുന്നില്ല ആതിര. ആരെങ്കിലും കമന്റടിച്ചാല്‍ അതിനു ചുട്ടമറുപടി നല്‍കുമായിരുന്നു. വീട്ടിലെ എറ്റവും ബോള്‍ഡ് ആയ ആളായിരുന്നു. അവള്‍ വെറുതെ ഇങ്ങനെ ചെയ്യില്ല”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുത്തുരുത്തി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.