ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമുള്ള ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു അവരുടെ എല്ലാ സുരക്ഷയെയും മറികടന്നു ഹമാസിന്റെ റോക്കറ്റുകൾ കൊണ്ടുള്ള അപ്രതീക്ഷിത ആക്രമണം. ഇസ്രയേലില്‍ പതിച്ച ആയിരക്കണക്കിന് ഹമാസ് റോക്കറ്റുകളുടെ യഥാർത്ഥ സൂത്രധാരന്‍ മുഹമ്മദ് ദെയ്ഫ് എന്ന ഹമാസ് ഭീകരന്‍ ആണെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍. തങ്ങളുടെ സകല നിരീക്ഷണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഹമാസ് ഭീകരന്‍മാര്‍ രാജ്യത്ത് നുഴഞ്ഞു കയറി നടത്തിയ ആക്രണത്തിന് പിന്നിൽ അതിലും വലിയൊരു ആസൂത്രണമുണ്ട്. ശനിയാഴ്ച ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചതിനു പിന്നാലെ ദെയ്ഫിന്റെ ശബ്ദസന്ദേശമെത്തി; ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ കടന്നുകയറിയതിനുള്ള തിരിച്ചടിയാണ് ആക്രമണം എന്നാണ് ദെയ്ഫ് പറയുന്നത്.മസ്ജിദുല്‍ അഖ്‌സയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കും എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചുകൊണ്ടുള്ള അധിനിവേശത്തിലും ‘അല്‍ അഖ്‌സ ഫ്‌ളഡി’ലൂടെ മറുപടി പറയുമെന്നാണ് ദെയ്ഫ് ഇസ്രയേലിനു നല്‍കിയ മുന്നറിയിപ്പ്.
ഹമാസിന്റെ സായുധ വിഭാഗം അല്‍ കസം ബ്രിഗേഡിന്റെ തലവനായ മുഹമ്മദ് ദെയ്ഫ്, ഇസ്രയേലിന്റെ കുറ്റവാളി പട്ടികയിലെ ഒന്നാമനാണ്. ഒമ്പത് വർഷത്തോളമായി അദ്ദേഹം ജനങ്ങൾക്കിടയിൽ നിന്ന് അപ്രത്യക്ഷനായിട്ട്. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഇക്കാലത്തിനിടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ദെയ്ഫിന്റേതായി പുറത്തുന്നത്.
1965ൽ ഗസ്സയിലെ ഖാൻ യൂനുസിലാണ് ദൈഫ് ജനിച്ചത്. യഥാർത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അൽ മസ്രി. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ആദ്യകാലത്ത് ദൈഫ് മുസ്ലിം ബ്രദർഹുഡ് പ്രവർത്തകനായിരുന്നു. 1987ൽ ഹമാസ് രൂപീകരിക്കപ്പെടുകയും ആദ്യ ഇൻതിഫാദ ആരംഭിക്കുകയും ചെയ്തതോടെ ദൈഫ് ഹമാസിൽ ചേർന്നു. തന്ത്രപരമായ നിരവധി ആക്രമണങ്ങൾ ആസൂത്രമണം ചെയ്ത് നടപ്പാക്കിയതോടെ ഹമാസിൽ ഇയാൾ സ്ഥാനമുറപ്പിച്ചു. 2015ൽ യു.എസ് ദൈഫിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ദുര്‍ബലമായിരുന്ന അല്‍ ഖസം ശക്തിപ്പെടുത്തിയതും ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടികള്‍ക്ക് അല്‍ ഖസത്തെ പാകപ്പെടുത്തിയതും ദെയ്ഫിന്റെ നേതൃത്വത്തിലാണ്.
ഇസ്രായേൽ അക്രമത്തിൽ പരിക്കേറ്റ ദൈഫ് വീൽചെയറിലാണ് സഞ്ചരിക്കുന്നതെന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാൻ ഹമാസ് ഇതുവരെ തയ്യാറായിട്ടില്ല.അതേസമയം ഹമാസിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവ് മുഹമ്മദ് ദൈഫ് ആണെന്ന കാര്യത്തിൽ ഇസ്രായേലിനോ ഫലസ്തീനികൾക്കോ അഭിപ്രായവ്യത്യാസമില്ല.
ഇയാളെ വധിക്കാന്‍ ഏഴുതവണ ഇസ്രയേല്‍ ശ്രമിച്ചു. 2021ൽ 11 ദിവസത്തെ അതിക്രമത്തിനിടെ രണ്ട് തവണ ദൈഫിനെ വധിക്കാൻ ശ്രമിച്ചിരുന്നതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ പരാജയപ്പെടുകയായിരുന്നു. 2002ൽ ഇസ്രായേൽ അക്രമത്തിൽ അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 2006ൽ ഹമാസ് നേതാക്കൻമാർ ഒരുമിച്ചു കൂടിയ കെട്ടിടത്തിന് നേരെ നടന്ന അക്രമത്തിൽ ദൈഫിന് ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. 2014ൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ദൈഫിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു.