കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ. പിണറായി സ്വദേശിയായ ഡോ. രാഹുൽ രാജിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ആംബുലൻസിന് മാർഗ തടസ്സം സൃഷ്ടിച്ചെന്ന ഡ്രൈവർ ശരത്ത് നെല്ലൂന്നിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. കാറുടമക്ക് തലശ്ശേരി ജോ.ആർ.ടി.ഒ 5000രൂപ പിഴയുമിട്ടു.
എന്നാൽ ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചിരുന്നു. ആംബുലൻസിന്റെ ശബ്ദം കേട്ടില്ലെന്നും മനപ്പൂർവം ഒന്നും ചെയ്തിട്ടില്ലെന്നും ഡോക്ടർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കളറോഡിലെ ടി.പി. ഹൗസിൽ റുഖിയയെ (70) തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു.
എരഞ്ഞോളി നായനാർ റോഡിൽ വെച്ചാണ് കാർ ആംബുലൻസിനു മുന്നിൽ വഴിമുടക്കിയായത്. പല തവണ സൈറൺ മുഴക്കിയിട്ടും കാർ സൈഡ് നൽകിയില്ലെന്നാണ് ഡ്രൈവറുടെ പരാതി. ആംബുലൻസിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ ഈ ദൃശ്യങ്ങൾ പതിയുകയും ചെയ്തു.
അമ്മ പെയിൻ പാലിയേറ്റിവ് ആംബുലൻസ് ഡ്രൈവറായ ശരത് സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ജോ. ആർ.ടി.ഒക്കും കതിരൂർ പൊലീസിലുമാണ് പരാതി നൽകിയത്. അരകിലോമീറ്ററിലേറെ കാർ വഴിമുടക്കിയെന്നാണ് പരാതിയിലുള്ളത്.