മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തമുണ്ടായ പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചില്‍ തുടരുന്നത്. 48 മണിക്കൂര്‍ തിരച്ചില്‍ നടത്തുമെന്നാണ് സംഘം നല്കുന്ന സൂചന. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ നാട്ടുകാര്‍ക്കു പരിചയമില്ലാത്ത ആളുകളോ ബോട്ടിലുണ്ടായിരിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ഇന്നും രാവിലെ തിരച്ചില്‍ പുനരാരംഭിച്ചത്.
അതേസമയം, പിടിയിലായ ബോട്ടുടമ നാസറിനെ താനൂര്‍ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഇന്ന് ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ടിലെ സ്രാങ്ക് ഉള്‍പ്പെടെയുള്ളവര്‍ക്കായും അന്വേഷണം തുടരുകയാണ്.
ഒളിവില്‍പോയിരുന്ന ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസ്. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന് രാജനും ഒളിവിലാണ്. മുന്‍ദിവസങ്ങളില്‍ അമിതമായി യാത്രക്കാരെ കയറ്റി ദിനേശന് ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ പുറത്തുവിട്ടിട്ടുണ്ട്.