നെടുങ്കണ്ടം: തമിഴ്‌നാട് വനം വകുപ്പ് തങ്ങളുടേതെന്ന് അവകാശപ്പെട്ട കമ്പംമെട്ടിലെ സ്ഥലം സംസ്ഥാന സർവേ വകുപ്പ് അളന്നു തിട്ടപ്പെടുത്തി. കമ്പംമെട്ടിലെ കേരള- തമിഴ്‌നാട് അതിർത്തിയിലാണ് വിവാദ ഭൂമിയുള്ളത്. ഇവിടെ പതിറ്റാണ്ടുകളായി താമസിച്ചു വരുന്നത് ഒരു മലയാളി കുടുംബമാണ്.
ഇതിനിടെ മാസങ്ങൾക്കു മുൻപാണ് തമിഴ്‌നാട് വനം വകുപ്പ് സ്ഥലത്തിന്റെ അവകാശികൾ തങ്ങളാണെന്ന വാദവുമായി മുൻപോട്ടു വന്നത്. കമ്പംമെട്ട്- വണ്ണപ്പുറം മലയോര ഹൈവേക്കു സമീപം പതിറ്റാണ്ടുകളായി വീട് നിലനിൽക്കുന്ന സ്ഥലത്താണു തമിഴ്‌നാടിന്റെ ഈ വിചിത്രവാദം.
സ്ഥലം തങ്ങളുടേതാണെന്നും അവിടെ നിന്നും ഒഴിയണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ അവിടെ താമസിക്കുന്ന നിർധന കുടുംബം കരുണാപുരം വില്ലജ് ഓഫീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്താനായി ഭൂരേഖ തഹസിൽദാർക്ക് കരുണാപുരം വില്ലജ് ഓഫീസർ റിപ്പോർട്ട് നൽകിയത്. പിന്നാലെയാണ് വകുപ്പിന്റെ നടപടി വന്നത്.
4 വർഷം മുൻപ് അച്ചാമ്മ വാഴക്കാലായിൽ എന്നയാൾക്ക് ലൈഫ് മിഷൻ പദ്ധതി വഴി നിർമിച്ചു നൽകിയ വീടാണ് മേൽപ്പറഞ്ഞ സ്ഥലത്തു ഇപ്പോഴുള്ളത്. കരുണാപുരം പഞ്ചായത്ത് ഒൻപതാം വാർഡിൽ 675–ാം വീട്ടുനമ്പറിൽ സ്ഥിതി ചെയ്യുന്ന വീട് 2004ൽ കമ്പംമെട്ട് സ്വദേശിയിൽ നിന്നാണ് വാങ്ങിയത്. ഒരു വർഷം മുൻപ് അച്ചാമ്മ മരിച്ചു. അച്ചാമ്മയുടെ മകൾ ഏലിയാമ്മയും 2 മക്കളും സുരേന്ദ്രനുമാണു നിലവിലെ താമസക്കാർ