ന്യൂ ഡൽഹി : രാജ്യത്തെ കോടതി മുറികളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ, പ്രയോഗങ്ങളിൽ മാറ്റം വരുത്തി സുപ്രീംകോടതി പുതിയ ശൈലീ പുസ്തകം പുറത്തിറക്കി. മനുഷ്യകടത്തിൽ ഉൾപ്പെട്ട അതിജീവിത എന്ന് ഇനി മുതൽ കോടതികളിൽ ഉപയോഗിക്കും. ലൈംഗിക തൊഴിലാളി എന്ന പദത്തിന് പകരമാണിത്. വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ,വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ എന്നീ പദങ്ങളിലേയ്ക്ക് മാറാനും സുപ്രീകോടതി നിർദേശിക്കുന്നു. പതിറ്റാണ്ടുകളായി കോടതി മുറികളിൽ ഉപയോഗിക്കുന്ന പല പദപ്രയോഗങ്ങളും ഇരകളാകുന്നവരേയും ഹർജിക്കാരേയും കൂടുതൽ അപമാനിക്കുന്നതാണെന്ന് പരാതി നേരത്തെ തന്നെ നിലവിലുണ്ട്. കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്ത് മാസം ഒരു ശൈലീ പുസ്തകം സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. എന്നാൽ അതിലും തെറ്റുകൾ കടന്ന് കൂടിയതായി നിയമവിദഗദ്ധർ ചൂണ്ടികാട്ടി. വേശ്യ എന്ന് ഉപയോഗിക്കുന്നതിന് പകരം ലൈംഗിക തൊഴിലാളി എന്നുപയോഗിക്കണം എന്നായിരുന്നു നിഷ്‌കർഷിച്ചിരുന്നത്. എന്നാൽ ലൈംഗീക തൊഴിലാളി എന്ന പദം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് നിയമരംഗത്ത് ചില സംഘടനകൾ ചൂണ്ടികാട്ടി. അങ്ങനെയാണ് അതിജീവിത എന്ന വാക്കിലേയ്ക്ക് കോടതി മാറിയത്. കേസിന്റെ സ്വഭാവമനുസരിച്ച് മൂന്ന് രീതികളിൽ അഭിസംബോധന ചെയ്യാമെന്നും കോടതി ചൂണ്ടികാട്ടുന്നു.
ലൈംഗിക തൊഴിലാളി എന്ന വിശേഷണം സ്വന്തം ഇഷ്ടപ്രകാരം വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാൾ എന്ന ധ്വനിയാണ് നൽകുന്നതെന്നായിരുന്നു സംഘടനകളുടെ പരാതി. ചൂഷണത്താലും വഞ്ചനയാലും പല സ്ത്രീകളും ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നുണ്ട്. അത് കൂടി കണക്കിലെടുത്താണ് പുതിയ പ്രയോഗം. പുതുക്കിയ കൈപ്പുസ്തകം എല്ലാ കോടതികളിലും ഉടൻ തന്നെ എത്തിക്കും.