ഗസ്സയിൽ ഇസ്രായേൽ സേന ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയത് കഴിഞ്ഞയാഴ്ചയായിരുന്നു. ആക്രമണത്തിൽ അമ്മയും മകളും കൊല്ലപ്പെട്ടിട്ടിരുന്നു.ഇടവകയുടെ കോമ്പൗണ്ടിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സൈന്യം പള്ളിയിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നഹിദ, മകൾ സമർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ അറിയിച്ചു. നഹിദയും മകൾ സമറും ഇവിടുത്തെ സിസ്റ്റേഴ്സ് കോൺവെന്റിലേക്ക് നടക്കുമ്പോൾ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മാതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സമർ കൊല്ലപ്പെട്ടത്.
ഗാസയിലെ ഹോളി ഫാമിലി കാത്തലിക് ഇടവകയിലെ സിസ്റ്റർ നബീല സാലിഹ് ഇസ്രായേൽ സേന നാടത്തിയ ആ ആക്രമണത്തിന്റെ ദൃക്‌സാക്ഷിയാണ്. “പിന്നിലെ വീടുകളിൽ തമ്പടിച്ച ചില സ്നൈപ്പർമാർ നഹിദയെ (അമ്മ) വെടിവച്ചു കൊന്നു, അമ്മ വീഴുന്നത് കണ്ടപ്പോൾ മകൾ അവളെ സഹായിക്കാൻ പോയി. എന്നാൽ അവളുടെ തലയ്ക്കും വെടിയേറ്റു” അവർ പറഞ്ഞു, ഇടവകക്കാർക്ക് മൃതദേഹം കണ്ടെടുക്കുന്നതിനുപോലും വളരെയേറെ സമയം കാത്തിരിക്കേണ്ടി വന്നുവെന്നു സിസ്റ്റർ പറയുന്നു. സംഭവം യഥാർത്ഥത്തിൽ കണ്ടതിനാലും ഇസ്രായേൽ ടാങ്കുകൾ ഇപ്പോൾ പള്ളിയെ വളഞ്ഞിരിക്കുന്നതിനാലും വെടിവയ്പ്പ് സ്ഥിരമായതിനാലും മാനസികമായി ആകെ തകർന്ന നിലയിലാണ് ഇവർ.
അത്യാവശ്യ ഭക്ഷണം കണ്ടെത്താൻ പോലും കെട്ടിടത്തിന് പുറത്ത് പോകാൻ കഴിയുന്നില്ല. വൈകുന്നേരം 4 മണിക്ക് ശേഷം സമൂഹത്തോട് പുറത്തിറങ്ങരുതെന്ന് ഇസ്രായേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ടെന്ന് സിസ്റ്റർ നബീല വിശദീകരിച്ചു. “സ്‌നൈപ്പർമാർ എല്ലായിടത്തും ഉണ്ട്, ടെൻഷൻ സ്ഥിരമാണ്, കോമ്പൗണ്ടിൽ വൈദ്യുതിയും കുടിവെള്ളവുമില്ല”, അവർ പറഞ്ഞു. “എന്നിരുന്നാലും, ഇതുവരെ ഓരു മരണം പോലും ഉണ്ടായിട്ടില്ലാത്തതിന് ഞങ്ങൾ ദൈവത്തോട് നന്ദിയുള്ളവരാണ്, ഈ യുദ്ധം വളരെ വേഗം അവസാനിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.” സിസ്റ്റർ പറയുന്നു. ഏതാണ്ട് മുഴുവൻ ഗസാൻ ക്രിസ്ത്യൻ സമൂഹവും അവിടെ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പള്ളിക്ക് ചുറ്റുമുള്ള പോരാട്ടം വർദ്ധിക്കുമെന്ന് ഇടവക സമൂഹം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വിശദീകരിച്ചു.
ശനിയാഴ്ചകളിലെ സംഭവത്തിൽ പരിക്കേറ്റ് ചികിത്സ ആവശ്യമുള്ള ഏഴ് പേർക്ക് പള്ളി ഇപ്പോൾ അഭയം നൽകുന്നു. വികാരി ഫാദർ യൂസഫ് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്, എന്നാൽ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം കണക്കിലെടുത്ത്, എപ്പോൾ സഹായം ലഭ്യമാകുമെന്ന് അവർക്കറിയില്ല, സിസ്റ്റർ നബീല പറഞ്ഞു.”യേശുവിന്റെ ജനനം എല്ലായ്‌പ്പോഴും നമ്മുടെ ഹൃദയങ്ങളിൽ സന്തോഷം നിറയ്ക്കുന്നു, എല്ലാത്തിനുമുപരി, ക്രിസ്തുമസിന് കഴിയുന്നത്ര ഒരുങ്ങാൻ ഞങ്ങൾ ശ്രമിക്കും.” സിസ്റ്റർ പറഞ്ഞു.
Also read: കൊതുക് നിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് കടിക്കാറുണ്ടോ ? പിന്നിൽ ചെറുതല്ലാത്ത ഒരു കാരണമുണ്ട് !