പൊന്നാനി : ‘ നികുതിയടയ്ക്കുന്നവരല്ലേ ഞങ്ങള്‍, ജീവിക്കാന്‍ അവകാശമില്ലേ ഞങ്ങള്‍ക്ക്’, കടല്‍ഭിത്തിക്കുവേണ്ടി പ്രതിഷേധിക്കുന്ന പൊന്നാനി തീരമേഖലയിലെ ജനങ്ങളുടെ വാക്കുകളാണ്. 25 വര്‍ഷമായി കടല്‍ഭിത്തിക്കായി ആവശ്യമുന്നയിക്കുന്നുവെങ്കിലും ഈ തീരപ്രദേശത്ത് ഇന്നും കടല്‍ഭിത്തിയില്ല. കനത്ത നാശനഷ്ടമാണ് ഇവിടുത്തെ ജനങ്ങള്‍ ഓരോ മഴക്കാലത്തും നേരിടുന്നത്. മഴ ശക്തമായതോടെ ഹിളര്‍പള്ളി, വെളിയംകോട് മേഖലയിലെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇത്രയേറെ പ്രശ്‌നമുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് സബ് കളക്ടറുടെ സന്ദര്‍ശനം. എന്നാല്‍ രോഷാകുലരായ ജനങ്ങള്‍ സന്ദര്‍ശനത്തിനെത്തിയ സബ് കളക്ടറെ തടഞ്ഞു. ആളുകള്‍ വാഹനത്തിന് ചുറ്റും കൂടി പ്രതിഷേധിച്ചതോടെ സബ് കളക്ടര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. നാട്ടുകാര്‍ ഇവരെ മടങ്ങിപ്പോകാന്‍ അനുവദിക്കാതെ റോഡ് ഉപരോധിച്ചു.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്ത് മഴ കുറവാണ്. എന്നാല്‍ തീരദേശ മേഖലയില്‍ വലിയതോതിലുള്ള നാശനഷ്ടമുണ്ടായി. 13 വീടുകളില്‍ വെള്ളം കയറി. മഴക്കെടുതി രൂക്ഷമായിട്ടും ഈ മേഖലയില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊന്നാനി തീരദേശ മേഖലയില്‍ മഴ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. ഇവരുടെ കൃഷിയും വീടുമടക്കം നശിക്കുന്നതാണ് ഇവിടുത്തെ സ്ഥിരം കാഴ്ച. ‘ഞങ്ങള്‍ അക്രമകാരികളല്ല, 25 വര്‍ഷത്തെ ആവശ്യമാണ് ഉന്നയിക്കുന്നത്’ എന്നാണ് ജനങ്ങള്‍ പ്രതിഷേധത്തിനിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.