തിരുവനന്തപുരം : കേരളത്തില്‍ 2018ലേതുപോലൊരു പ്രളയം ആവര്‍ത്തിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സാഹചര്യമായിരുന്നു 2018 ല്‍. അതിന് ശേഷം അതില്‍ നിന്നുള്ള പാഠം സംസ്ഥാനം പഠിച്ചു കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്തെ ദുരന്തനിവാരണ നടപടികള്‍ സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഏഴ് ജില്ലകളിലായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി ഇടവിട്ടതും ശക്തമായതുമായ മഴ തുടരും. എന്നാല്‍ ആളുകള്‍ക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസേനയുമായി ബന്ധപ്പെട്ട ആലോചനകള്‍ ഇന്നലെ നടത്തി. കൂടുതല്‍ സേനയെ ആവശ്യമെങ്കില്‍ എത്തിക്കാനുള്ള സൗകര്യവുമുണ്ട്.
തുടര്‍ച്ചയായി ശക്തമായി മഴ തുടരുന്ന മലയോരമേഖലയില്‍ കുന്ന് നനയുന്ന പ്രശ്‌നമുണ്ട്. മണ്ണ് നനഞ്ഞാല്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചതെന്നും മന്ത്രി പറഞ്ഞു.