തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിങിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. ജനുവരി 20 മുതലാണ് ഈ വർഷത്തെ ട്രക്കിങ് ആരംഭിക്കും. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.(Online booking for agasthyarkoodam trekking from tomorrow)
രാവിലെ 11 മണിക്ക് ഓൺലൈൻ ബുക്കിംങ് ആരംഭിക്കും. മൊത്തം 2700 രൂപയാണ് ട്രക്കിങ്ങിനുള്ള ഇത്തവണത്തെ ബുക്കിങ് തുക. ഇതിൽ 2200 രുപ ട്രക്കിങ് ഫീസും 500 രൂപ ഇക്കോ സിസ്റ്റം മാനേജ്മെന്‍റ് ഫീസുമാണ്. അക്ഷയകേന്ദ്രങ്ങൾ മുഖേനയും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം.
ട്രക്കിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. ഫെബ്രുവരി 22 വരെയാണ് ട്രക്കിങ്. സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിങ്ങിന് ജനുവരി 21നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിങ്ങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കണം.