ജമ്മു കശ്മീർ: രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച രജൗരിയില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് പ്രത്യേക സേനാ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉധംപൂരിലെ ആര്‍മി കമാന്‍ഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
കലകോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാന്‍ ഭീകരനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍, അഫ്ഗാന്‍ മേഖലകളില്‍ പരിശീലനം നേടിയ ക്വാറി എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ഇയാള്‍ ലഷ്‌കറെ ത്വയ്ബയുടെ മുതിര്‍ന്ന നേതാവായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാൾ രജൗരി-പൂഞ്ച് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനാണ് ഇയാളെ രജൗരി-പൂഞ്ചിലേക്ക് അയച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ധര്‍മ്മസാല്‍ ബെല്‍റ്റിലെ ബാജിമാല്‍ മേഖലയില്‍ രാത്രി ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് വെടിവയ്പ്പ് പുനരാരംഭിച്ചത്. ഭീകരര്‍ രക്ഷപ്പെടുന്നത് തടയാനായി അധിക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിരുന്നു. ഇവരെത്തി വനപ്രദേശം വളഞ്ഞായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. നവംബർ 17ന് രജൗരിയിലെ ഗുല്ലർ ബെഹ്‌റോട്ട് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് ഏഴിന് പൂഞ്ചിലെ ദെഗ്വാർ മേഖലയിൽ ഒരു ഭീകരനെ വധിച്ച് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞിരുന്നു.
Read Also: ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു; വിടവാങ്ങിയത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി