തിരുവനനന്തപുരം : രണ്ട് പുതിയ മന്ത്രിമാർ വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്നതിനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം നഗരം. മുന്നണി ധാരണ പ്രകാരം ഒരു എം.എൽ.എ മാർ മാത്രമുള്ള പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകുന്നത് പ്രകാരം കേരള കോൺഗ്രസ് ബിയിൽ നിന്ന് ഗണേഷ് കുമാറും, കോൺഗ്രസ് എസിൽ നിന്നും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും . കെ.ബി.ഗണേഷ് കുമാറിന് ഗതാഗതം, രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് തുറമുഖം എന്നിങ്ങനെ ആയിരിക്കും വകുപ്പ് വിഭജനം. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. രണ്ട് പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിനേക്കാൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് ഒരേ വേദിയിലെത്തുകയാണ്. ഇരുവരും തമ്മിൽ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്പരം വെല്ലുവിളികളും പഴിചാരലുകളും നടത്തിയ ശേഷം ആദ്യമായാണ് ഒരുമിച്ച് കാണുന്നത്. ഭരണതലവൻമാരെന്ന നിലയിൽ ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് ഇരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് സുപ്രീംകോടതി വരെ പരാമർശമായി നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഗുണ്ടകളാണ് തെരുവിൽ തന്നെ നേരിടുന്നതെന്നും ഗവർണർ ആരോപിച്ചിരുന്നു. രാജിഭവനിലെ പാർക്കിങ്ങ് ഏരിയയിൽ ഒരുക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ഇരുവരും ഒരുമിച്ച് അര മണിക്കൂറെങ്കിലും ഇരിക്കണം. പരസ്പരം അഭിവാദ്യം ചെയ്യുമോ ,മിണ്ടാതിരിക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾ ചില മാധ്യമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ മന്ത്രിമാർ ഉൾപ്പെടുന്ന മന്ത്രിസഭയ്ക്ക് ഗവർണർ ചായ സൽക്കാരം നൽകുന്ന കീഴ്വഴക്കമുണ്ട്. മന്ത്രിമാരുടെ കുടുംബാഗങ്ങൾ കൂടെ ഉൾപ്പെടുന്ന ഈ സമയം സൗഹൃദ സംഭാഷണങ്ങൾക്കും വേദിയാകാറുണ്ട്. ആ സമയത്തെ മുഖ്യമന്ത്രിയുടേയും ഗവർണറുടേയും പെരുമാറ്റവും ശ്രദ്ധിക്കപ്പെടും. അതേ സമയം ദില്ലിയിൽ ഗവർണർക്കെതിരായി നീക്കം കടുപ്പിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടികൊണ്ട് പോകുന്ന ഗവർണറുടെ രീതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നേരത്തെ സമർപ്പിച്ച ഹർജി പുതുക്കി. ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്നാണ് പുതയ ആവിശ്യം. സമയക്രമം നിശ്ചയിക്കണം. അനന്തമായി നീട്ടികൊണ്ട് പോകുന്നത് തടയണം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച്ച പറ്റിയെന്ന് വിധിക്കണമെന്നും ആവിശ്യപ്പെടുന്നു. ഹർജി അടുത്തയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.