ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓ ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പുര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ വന്‍പ്രതിപക്ഷ ബഹളം നടക്കുന്നതിനിടയിലാണ് ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്.
ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. പരാജയപ്പെട്ട, അവശരായ, പ്രതീക്ഷയറ്റ, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ എന്നു പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനാണ് ‘ഇന്ത്യ’യുടെ നീക്കം. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. സോണിയ ഗാന്ധി പാര്‍ലമെന്റില്‍ മറ്റു നേതാക്കളെ കണ്ടു ചര്‍ച്ച നടത്തുന്നുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തും. സംഘര്‍ഷഭരിതമായ മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിര്‍ബന്ധിതമാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം അവിശ്വാസ പ്രമേയമാണെന്ന് ഇന്ത്യ വിലയിരുത്തി.