ന്യൂഡല്‍ഹി: യുഎസ് സന്ദര്‍ശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വര്‍ധിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഇന്നു രാവിലെയാണ് മോദി വിവിധ പരിപാടികള്‍ക്കായി യുഎസിലേക്ക് പുറപ്പെട്ടത്.
നാളെ രാവിലെ (യുഎസ് സമയം) ന്യൂയോര്‍ക്കില്‍ എത്തുന്ന പ്രധാനമന്ത്രി ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്തു രാജ്യാന്തര യോഗാദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമായി സൗഹൃദസംഭാഷണം. വ്യാഴാഴ്ചയാണു ഔദ്യോഗിക ചടങ്ങുകള്‍. വൈറ്റ് ഹൗസില്‍ ഔപചാരിക സ്വീകരണം, തുടര്‍ന്നു ബൈഡനുമായുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ നടക്കവേ, പ്രധാനമന്ത്രി യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കും. വൈകിട്ട് വൈറ്റ്ഹൗസില്‍ ഔദ്യോഗിക വിരുന്ന്.
പ്രധാനമന്ത്രിയെന്ന നിലയില്‍ 6 തവണ യുഎസ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മോദിയുടെ ഇത്തവണത്തെ യാത്ര സ്റ്റേറ്റ് സന്ദര്‍ശനമാണ്. ടാര്‍മാക്കില്‍ സ്വീകരണം, ആചാരവെടി, വൈറ്റ് ഹൗസില്‍ ഒദ്യോഗികസ്വീകരണം, ഔദ്യോഗികവിരുന്ന് എന്നിവയെല്ലാം സ്റ്റേറ്റ് സന്ദര്‍ശനത്തിന്റെ പ്രത്യേകതയാണ്. മടങ്ങി വരുമ്പോള്‍ ഈജിപ്തും മോദി സന്ദര്‍ശിക്കും.