കായംകുളം: മാവേലിക്കര നക്ഷത്ര വധക്കേസ് പ്രതി മഹേഷിനെതിരെ കൂടുതല്‍ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം. മകളുടേതു കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും വിദ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. കൊല്ലപ്പെട്ട നക്ഷത്രയുടെ അമ്മയാണു വിദ്യ.
”വിദ്യ മരിച്ചിട്ട് മൂന്നു വര്‍ഷമായി. കൊലപാതകമാണോയെന്ന് എനിക്ക് സംശയമുണ്ട്. കുഞ്ഞിനെയോര്‍ത്ത് അന്ന് കേസ് കൊടുക്കാന്‍ പോയില്ല. അമ്മ പോയെങ്കിലും അച്ഛനുണ്ടല്ലോ കുഞ്ഞിന് എന്ന നിലയ്ക്കാണ് കേസിനു പോകാതിരുന്നത്. മഹേഷിന്റെ അമ്മ, അച്ഛനോടു ചോദിച്ചിട്ട് പത്തിയൂരിലേക്കു പൊയ്ക്കോളൂ എന്നു നക്ഷത്രയോട് പറഞ്ഞു. പിന്നാലെ ഇവര്‍ സമീപത്തുള്ള മകളുടെ വീട്ടിലേക്കു പോയി.
മഹേഷിനോടു നക്ഷത്ര പൊയ്ക്കോട്ടെയെന്ന് ചോദിച്ചു. അവര്‍ തമ്മില്‍ തര്‍ക്കമായി. അമ്മ മകളുടെ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ത്തന്നെ നക്ഷത്രയുടെ കരച്ചില് കേട്ടു. അന്നേരം കുഞ്ഞിനെ അവന് വെട്ടിയിരുന്നു. മഹേഷ് പുറത്തുപോയിട്ടു വന്നതേ ഉണ്ടായിരുന്നുള്ളൂ. ലഹരിമരുന്ന് വല്ലതും ഉപയോഗിച്ചിരുന്നോയെന്ന് സംശയമുണ്ട്” – വിദ്യയുടെ അച്ഛന് ലക്ഷ്മണന് പറഞ്ഞു.
നക്ഷത്ര ഇവിടേക്കു വന്നിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായെന്നു വിദ്യയുടെ അമ്മ രാജശ്രീ പറഞ്ഞു. ”ഞങ്ങള്‍ അങ്ങോട്ടുപോയി കാണുന്നുണ്ട്. രണ്ടാഴ്ചമുന്പും ഞാന്‍ പോയി കണ്ടിരുന്നു. മോളുടെ മരണത്തില്‍ ഞങ്ങള്‍ക്കു സംശയം ഉണ്ട്” – അവര്‍ കൂട്ടിച്ചേര്‍ത്തു.