ഇടുക്കി : ജെസിബിയും കരിംപൂച്ചകളുമില്ല. എല്ലാം അതീവ രഹസ്യം. പുലർച്ചെ എല്ലാവരും അറിയുന്നതിന് മുമ്പെ കുടിയൊഴിപ്പിക്കലിന്റെ ആദ്യ ദിനം വിജയകരമായി പൂർത്തിയാക്കി ദൗത്യ സംഘം.ആനയിറങ്കൽ ഡാമിന്റെ പരിസരത്ത് ഉടുമ്പിൽചോല തഹസിൽദാറും സംഘവും എത്തിയത് പുലർച്ചെ 6.30 ന്. ഔദ്യോഗിക രേഖയനുസരിച്ച് മേഖലയിൽ കൈയ്യേറിയ 47 ഏക്കറിൽ വരുന്ന അഞ്ചരയേക്കർ സർക്കാരിലേക്ക് കണ്ടു കെട്ടി. ഇവിടെ ലയമുണ്ടാക്കി താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഓടിച്ച് വിട്ടു. സ്ഥലത്ത് ഏലകൃഷി നടത്തുന്ന ജിജു കുര്യാക്കോസിനെ വിളിച്ച് വരുത്തി. സർക്കാർ ഭൂമിയാണെന്ന് അറിയിച്ച് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടി വന്നത് ഒരു മണിക്കൂറിൽ താഴെ മാത്രം.സംഭവമറിഞ്ഞ് ഓടികൂടിയ കുറച്ച് പേർ പ്രതിഷേധിച്ച് മടങ്ങി. നാളെയും മറ്റന്നാളും ദൗത്യമൊന്നുമില്ലെന്ന് സംഘം അറിയിച്ചു. ചൊവ്വാഴ്ച്ച കേരള ഹൈക്കോടതിയുടെ ബെഞ്ച് ചേരുന്നുണ്ട്. ഇപ്പോഴത്തെ ഒഴിപ്പിക്കൽ ഹൈക്കോടതിയെ അറിയിക്കും. എല്ലാം തികച്ചും സാങ്കേതികം.
വാർത്താ മാമാങ്കം വേണ്ടന്ന് തീരുമാനം.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിന് വാർത്താ പ്രധാന്യം വേണ്ടന്ന് സർക്കാർ ആദ്യമേ തീരുമാനിച്ചു. 2007ൽ വി.എസ്. സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിനെ അതിശക്തമായി എതിർത്തത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി കല്ലെറിഞ്ഞാണ് ദൗത്യസംഘത്തെ വിരട്ടിയത്. പാർട്ടിയെ വിഭാഗിയതയിൽ വി.എസ്. പക്ഷത്തുണ്ടായിരുന്ന എം.എം.മണി പിണറായി വിജയൻ ഗ്രൂപ്പിലേയ്ക്ക് ചേക്കേറിയതും അന്നത്തെ ഒഴിപ്പിക്കൽ കാലത്താണ്. ഇത്തവണ പക്ഷെ , കല്ലുമായി വരാൻ എം.എം മണിയ്ക്ക് താൽപര്യമില്ല. എന്നാൽ ചാനൽ ക്യാമറകൾക്ക് മുന്നിൽ കുടിയൊഴിപ്പിക്കലിനെ അതിശക്തമായി എതിർത്തു. മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് എംഎം മണി ആവിശ്യപ്പെട്ടു. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താൽ മതിയെന്നും മണി കുറ്റപ്പെടുത്തി. പക്ഷെ മണിയുടെ വാക്കുകൾ വിലക്കെടുക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു റവന്യൂമന്ത്രി കെ.രാജന്റെ പ്രതികരണം. കയ്യേറ്റം ഒഴിപ്പിക്കലിൽ രാഷ്ട്രീയമായ എതിർപ്പുകൾ ഉണ്ടാകാം. പക്ഷേ, സർക്കാർ നടപടിയുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. നിലവിലെ ദൗത്യം 2007 പോലെ ആയിരിക്കില്ല എന്നും മന്ത്രി സൂചിപ്പിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മൂന്നാർ ദൗത്യത്തിന് മുൻ മാതൃകകൾ ഇല്ല. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖ മുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും കെ രാജൻ പറഞ്ഞു.
ദൗത്യസംഘ രൂപീകരണവും പ്രവർത്തനവും
അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയത് സെപ്‍തംബർ മാസം. ആ മാസം അവസാനിക്കുന്ന മുപ്പതാം തിയതി റവന്യൂ വകുപ്പ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ഉത്തരവിറക്കി. സാമൂഹിക നീതി വകുപ്പിൽ നിന്നും കളക്ടറായി ഇടുക്കിയിലെത്തിയ ഷീബാ ജോർജ് ഐ.എ.എസിനെ ടാസ്ക് ഫോഴ്സിന്റെ മേധാവിയാക്കി. സബ് കളക്ടർ അരുൺ എസ്. നായർ , ആർഡിഒ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ മറ്റ് അംഗങ്ങൾ. സർക്കാർ ഭൂമി സംരക്ഷിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരം നൽകുന്ന ലാൻഡ് കൺസർവൻസ് നിയമ പ്രകാരം ദൗത്യസംഘത്തിന്റെ ചുമതലകൾ നിശ്ചയിച്ചു.ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണർ ആഴ്ച്ചയിലൊരിക്കൽ പ്രവർത്തനം വിലയിരുത്തും. വനംവകുപ്പ്, തദേശസ്വയംഭരണവകുപ്പ്,പൊതുമരാമത്ത് വകുപ്പ്, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവർ ദൗത്യസംഘത്തിന് ആവിശ്യത്തിനുള്ള സഹായം നൽകണമെന്നും നിർദേശമുണ്ട്. സംസ്ഥാന സർക്കാരിന് പുറമെ ഹൈക്കോടതിയുടെ മേൽനോട്ടം കൂടി ദൗത്യസംഘത്തിന് മേലുണ്ടാകും. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള പദ്ധതികൾ പൊളിക്കാനുള്ള നീക്കവും ഭരണതലത്തിൽ നടന്നു. സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്ന കളക്ടർ ഷീബാ ജോർജിനെ തിരഞ്ഞെടുപ്പ് നിരീക്ഷയാക്കി വടക്കേന്ത്യയിലേക്ക് നിയമിച്ച ഉത്തരവ് വന്നത് അപ്രതീക്ഷിതമായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ഹൈക്കോടതി ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചു. മറ്റൊരാളെ പകരം നിയമിക്കുന്ന കാര്യം ആലോചിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചു. 2007, 2011 കാലഘട്ടത്തിൽ നടന്നത് പോലുള്ള കുടിയൊഴിപ്പിക്കൽ ആയിരിക്കില്ല 2023ൽ നടക്കുക എന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. പ്രതിഷേധങ്ങൾ, എതിർപ്പുകൾ എന്നിവ കോടതി വ്യവഹാരത്തിലൂടെ പരിഹരിച്ചാകും സ്ഥലമേറ്റുടക്കൽ എല്ലാം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടുക്കി ജില്ലയെ പ്രകോപിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.