ഭീകരവാദത്തിന് തണലേകുന്ന പാകിസ്താന് തിരിച്ചടിയായി ഭീകരാക്രമണങ്ങൾ. പാകിസ്താന്റെ വ്യോമ താവളം ഭീകരർ തകർത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മധ്യ പാകിസ്ഥാൻ പ്രദേശമായ മിയാൻവാലിയിലെ വ്യോമസേനാ പരിശീലന താവളം ആക്രമിച്ച ഭീകരവാദികൾ നിരവധി വിമാനങ്ങൾക്ക് കേടുപാടുകൾ വരുത്തി. ഒമ്പതംഗ ഭീകര സംഘമാണ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയത്. എല്ലാ അക്രമികളെയും സുരക്ഷാ സേന വധിച്ചതായി സൈന്യം അറിയിച്ചു. ചാവേറുകൾ ഉൾപ്പെടെയുള്ള ഭീകര സംഘം കോണിപ്പടികളിലൂടെയാണ് വ്യോമതാവളത്തിൽ പ്രവേശിച്ചത്. അതിനുശേഷം ആക്രമണം നടത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിരവധി ബോംബ് സ്ഫോടനങ്ങൾ നടന്നതായി പരിസരവാസികൾ പറയുന്നു.
ഭീകരാക്രമണത്തിൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പാകിസ്താൻ വ്യോമസേന പറയുന്നത്.
ആക്രമണത്തിൽ ഒരു ഇന്ധന ടാങ്കർ തകർന്നതായി നേരത്തെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ, സേനയുടെ വിമാനങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പ്രവർത്തന രഹിതമായ മൂന്ന് വിമാനങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടതെന്നും പാകിസ്ഥാന്റെ ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) അറിയിച്ചു.
ഇന്നലെ പാകിസ്താനിൽ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ബോംബ് ഏറ് ഉണ്ടായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വ്യോമതാവളം ആക്രമിക്കപ്പെടുന്നത്. “ഞാൻ പുലർച്ചെ 3 മണിയോടെ വൻ വെടിയൊച്ചകളുടെ ശബ്ദം കേട്ടാണ് ഉണർന്നത്, രാവിലെ 7 മണി വരെ നീണ്ടുനിന്ന പോരാട്ടമായിരുന്നു.” മിയാൻവാലി നിവാസിയായ സീഷൻ നിയാസി റോയിട്ടേഴ്‌സിനോട് പറഞ്ഞു. താലിബാന്റെ സഹസംഘടനയായ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടന തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ (ടിജെപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ടിജെപിയുടെ വക്താവ് മുല്ല മുഹമ്മദ് കാസിമാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. ആക്രമണം നടത്തിയ സംഘത്തിൽ നിരവധി ചാവേർ ബോംബർമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. ആക്രമണം സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താവളത്തിലുണ്ടായിരുന്ന ടാങ്ക് തകർത്തതായും ഭീകരസംഘടന അവകാശപ്പെട്ടിട്ടുണ്ട്. ജൂലൈയിൽ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലെ പാകിസ്ഥാൻ സൈനിക താവളത്തിൽ 12 സൈനികരെ കൊലപ്പെടുത്തിയതുൾപ്പെടെ രാജ്യത്ത് നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഭീകര സംഘടനയാണ് തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ.
Also read: പച്ച ഇഞ്ചി ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ; ഇങ്ങനെ കഴിക്കണം: