കണ്ണൂർ: പാനൂർ പെരിങ്ങത്തൂർ കനകമലയ്ക്കു സമീപത്തെ മാക്കാണ്ടിപീടികയിൽ വീട്ടുകിണറ്റിൽ പുലി. അണിയാരം സ്വദേശി സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. ഇന്നു രാവിലെയോടെ കിണറ്റിൽനിന്ന് ശബ്ദം കേട്ട് വീട്ടുകാർ ചെന്നുനോക്കിയപ്പോഴാണ് പുലിയെ കണ്ടത്. സംഭവമറിഞ്ഞ് വനം വകുപ്പ് സംഘം സ്ഥലത്തെത്തി.പുലിയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി ചീഫ് വൈൽഡ് ലൈഫ് ഓഫീസറുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചയുടൻ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പുലിയെ പുറത്തെത്തിക്കും. കിണറ്റിൽ വെള്ളം കുറവായതിനാൽ പുലിക്ക് നിൽക്കാൻ പറ്റുന്ന സ്ഥിതിയാണ്. മറ്റ് പരിക്കുകളൊന്നും ഇല്ലെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.പുലിയെ പുറത്തെത്തിക്കാനുള്ള വലയും മറ്റ് ഉപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. വൈകിട്ടോടെ മയക്കുവെടിവെച്ച് പുറത്തെത്തിക്കാനാണ് നീക്കം. വയനാട്ടിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരായിരിക്കും പുലിയെ കിണറ്റിൽനിന്ന് പുറത്തെത്തിക്കുക. കിണറ്റിൽ പുലി വീണതറിഞ്ഞ് നാട്ടുകാരും സമീപ പ്രദേശത്തുനിന്നുള്ളവരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഏതാനും കിലോമീറ്ററിനപ്പുറത്തുള്ള കനകമലയുടെ സമീപത്തെ കാട്ടിൽ നിന്നാകാം പുലി ജനവാസ കേന്ദ്രത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്.
Read Also : മയങ്ങി വീണ വിദ്യാർത്ഥിനിയോട് ലൈഗികാതിക്രമം : അസിസ്റ്റന്റ് പ്രഫസർക്ക് സസ്പെൻഷൻ