മുംബൈ: 2019 ലെ ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ വേദി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ഇന്ത്യൻ പട കിരീടം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു നാലാംസ്ഥാനക്കാരായ ന്യൂസിലൻഡിന്റെ വിജയം. ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ വെറും 18 റൺസിന് പരാജയപ്പെടുത്തി കിവികൾ ഫൈനലിലേക്ക് പ്രവേശിച്ചു. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട വിജയം തിരിച്ചു പിടിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ ഇക്കുറി രോഹിത്തും സംഘവും കളത്തിലിറങ്ങി. എന്നാൽ ലോകകപ്പിന്റെ ആദ്യ മത്സരം മുതൽ ക്രിക്കറ്റ് ലോകം കണ്ടത് എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ.
ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ തിളങ്ങുന്ന താരങ്ങൾ, എതിരാളികളുടെ ആക്രമണ സ്വഭാവം തിരിച്ചറിഞ്ഞുകൊണ്ട് പ്രത്യാക്രമണങ്ങൾക്ക് തന്ത്രം മെനയുന്ന നായകൻ, തിരുത്തിക്കുറിച്ച റെക്കോർഡുകൾ നിരവധി, ഗ്രൂപ്പ് ഘട്ടത്തിലെ ഒൻപതു മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയിച്ച ഒരേ ഒരു ടീം…അങ്ങനെ അങ്ങനെ രോഹിത്തിനും സംഘത്തിനും വിശേഷണങ്ങൾ ഏറെ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലെ വൻ വിജയം നേടിയ ഇന്ത്യയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൂട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ പോലും നിഷ്പ്രയാസം അടിച്ചൊതുക്കാൻ ഇന്ത്യൻ പടയ്ക്ക് കഴിഞ്ഞു. അപരാജിത കുതിപ്പിന്റെ അവസാന മത്സരത്തിൽ നെതർലാൻഡിസിനെ കൂടി തോല്പിച്ചതോടെ ഇന്ത്യയ്ക്ക് ഇനി ആരുണ്ട് എതിരാളികൾ എന്ന ചോദ്യമാണ് കാണികൾ ഉയർത്തിയത്.
വീണ്ടുമൊരു ഇന്ത്യ- ന്യൂസിലൻഡ് സെമി പോര്
2023 ലെ ലോകകപ്പിൽ വീണ്ടും ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ഇന്ത്യക്ക് ആണെന്നതിൽ സംശയമില്ല. കളിച്ച ഒമ്പതു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍ കിവികള്‍ അഞ്ചില്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തിൽ തോറ്റു പോയി. ഒരു ടീമെന്ന നിലയില്‍ ന്യൂസിലൻഡിനേക്കാൾ എത്രത്തോളം ഉയരത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻപ് ടീമിലെ ഒന്നോ, രണ്ടോ പേര്‍ മാത്രമായിരുന്നു ബാറ്റിങ്ങിൽ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നതും ആശ്വാസകരം. മധ്യനിരയുടെ കരുത്ത് കഴിഞ്ഞ മത്സരത്തിൽ പ്രകടമായതാണ്.
സെമിയില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുന്ന മറ്റൊരു കാര്യം ശക്തമായ ബൗളിങ് നിരയാണ്. ചെറിയ ടോട്ടല്‍ പോലും പ്രതിരോധിച്ച് ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ള മൂര്‍ച്ചയുള്ള ബൗളിങ് നിര ഇന്ത്യക്കുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ട പേസ് നിരയ്‌ക്കൊപ്പം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ സ്പിന്‍ ജോഡിയും ചേരുന്നതോടെ ഇന്ത്യയുടേത് ബൗളിങ് നിര സജ്ജം.
അതേസമയം കിവീസ് തന്ത്രപരമായി കളിക്കുന്ന ടീമാണ്. കിവീസിന്റെ ഇടം കൈയന്‍ പേസറായ ട്രന്റ് ബോള്‍ട്ടിന്റെ ബൗളിങ്ങിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കണമെങ്കിൽ ബാറ്റർമാരെല്ലാം മികച്ച ഫോമിൽ വരണം. തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിക്കുന്ന ട്രന്റ് ബോള്‍ട്ട് ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് അൽപമൊന്ന് ഭീഷണി ഉയർത്താനും സാധ്യത ഉണ്ട്. അതിനാൽ രോഹിത്- ഗിൽ കൂട്ടുകെട്ട് മികച്ച തുടക്കം തന്നെ നൽകണം.
ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര ഓപ്പൺ ചെയ്യുന്ന ന്യൂസിലൻഡിന്‍റെ ബാറ്റിങ്ങ് സ്‌ക്വാഡും മികച്ചത് തന്നെ. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന നായകൻ കെയ്ൻ വില്ല്യംസൺ ടീമിൽ മടങ്ങിയെത്തിയതും ന്യൂസിലൻഡിന്‍റെ പ്രഹരശേഷി ഇരട്ടിയാക്കും.