ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു . ഡിസംബർ 30 വരെ മൂടൽമഞ്ഞ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും അതിശൈത്യം തുടരുമെന്നും റിപോർട്ടുകൾ ഉണ്ട് . മാത്രമല്ല കനത്ത മൂടൽമഞ്ഞ് കാരണം സംസ്ഥാനങ്ങളിലെ ഗതാഗത സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. വിമാന സർവീസുകൾ റദ്ദാക്കുകയും ട്രെയ്നുകൾ വൈകുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് കാരണം 11 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ നൽകുന്ന ഏറ്റവും പുതിയ വിവരം.
മഞ്ഞുവീഴ്ച വർദ്ധിച്ച സാഹചര്യത്തിൽ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ഗൗതം ബുദ്ധ് നഗറിലെയും സ്‌കൂളുകൾ അടച്ചു. ഡിസംബർ 29,30 തീയതികളിൽ സ്‌കൂളുകൾ അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. അധ്യാപകരും മറ്റ് ജീവനക്കാരും ജോലി ചെയ്യും. അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ കുറഞ്ഞ താപനില ഏഴ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും ഐഎംഡി പ്രവചിക്കുന്നു. വ്യാഴാഴ്ച, ദേശീയ തലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 8.4 ഡിഗ്രി സെൽഷ്യസായിരുന്നു. അതിനിടെ, മൂടൽമഞ്ഞിനെ തുടർന്ന് ഉത്തർപ്രദേശിലുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ ആറ് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.