ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ തീവ്രവാദി സംഘം നടത്തിയ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ ഇരുന്നൂറോളം തടവുകാരിൽ നിന്ന് രണ്ട് അമേരിക്കൻ ബന്ദികളെ മോചിപ്പിച്ചതായി ഗാസ ഭരണാധികാരി ഹമാസ് അറിയിച്ചു. “ഖത്തറി ശ്രമങ്ങൾക്ക് മറുപടിയായി, (എസെദീൻ) അൽ-ഖസ്സാം ബ്രിഗേഡ്സ്, രണ്ട് അമേരിക്കൻ പൗരന്മാരെ (ഒരു അമ്മയെയും മകളെയും) മാനുഷിക പരിഗണന നൽകി മോചിപ്പിച്ചു,” ഹമാസ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ഖത്തർ ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇവരെ ഗസ്സയിലെ റെഡ്‌ക്രോസിന് കൈമാറുമെന്നാണ് വിവരം. പ്രഥമ പരിഗണന ഹമാസിനറെ പിടിയിലുള്ള അമേരിക്കൻ ബന്ദികളെ വിട്ടുകിട്ടുന്നതിനെന്നാണ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു.
198ലധികം പേർ ബന്ദികളായി ഹമാസിന്റെ കൈകളിലുണ്ടെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. അതേസമയം, 250 ബന്ദികളുണ്ടെന്ന് ഹമാസും പറഞ്ഞു. ബന്ദികളോട് നല്ല രീതിയിലാണ് പെരുമാറുന്നതെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. മോചിതരായ പലരും ഇക്കാര്യം ശരിവെക്കുന്ന പ്രതികരണമാണ് നടത്തിയിരുന്നത്. അതിനിടെ, ഫലസ്തീനിലെ പുരാതനമായ ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ചായ ഗസ്സ സിറ്റിയിലെ സെയ്‌റ് പോർഫിരിയൂസ് ചർച്ചിനു നേരെയും ഇസ്രായേൽ ബോംബിട്ടു. ഇവിടെ 16 ക്രിസ്തുമത വിശ്വസികൾ ഉൾപ്പെടെ നിരവധി പേർ കെല്ലപ്പെട്ടു. ഇവരുടെ സംസ്‌കാരച്ചടങ്ങുകളും തുടങ്ങി. ഗസ്സയിൽ 7 പ്രധാന ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി ആരോഗ്യ കേന്ദ്രങ്ങളും പൂട്ടി. ഗസ്സയിൽ അവസാന മണിക്കൂറിൽ മാത്രം ഇസ്രായേൽ തകർത്തത് 10 റസിഡൻഷ്യൽ കോംപ്ലക്‌സുകളാണ്. ഗസ്സയിലെ മരണസംഖ്യ 4137 ആയി. ഇതിൽ 16 പേർ യുഎൻ ഉദ്യോഗസ്ഥരാണ്.