പ്രായഭേദമന്യേ ഏതൊരാളും രുചിക്കുന്ന മധുരങ്ങളില്‍ ആദ്യമുണ്ടാവുക
ഹല്‍വയാകും. കശുവണ്ടിപ്പരിപ്പ് പതിഞ്ഞിരിക്കുന്ന മൃദുവായ കറുത്ത ഹല്‍വ കഷണങ്ങള്‍ എത്ര കഴിച്ചാലും മതിവരില്ല. ഇത്തവണ ആ രൂചിക്കൂട്ട് നമുക്ക് വീട്ടില്‍ തയാറാക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
1. മൈദ – അരക്കിലോ
2. വെള്ളം – പാകത്തിന്
3. ശര്‍ക്കര – രണ്ടു കിലോ
4. തേങ്ങ – മൂന്ന്
5. നെയ്യ് – 350 ഗ്രാം
6. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം, നുറുക്കിയത്.
7. ഏലയ്ക്കാപ്പൊടി – ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മൈദ ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ഏകദേശം മൂന്നു ലീറ്റര്‍ വെള്ളം അല്‍പാല്‍പം വീതം കുഴച്ച് മാവില്‍ ഒഴിച്ചു ഞെരടണം. പാലു പോലെയാക്കി അതു മാറ്റി വയ്ക്കുക. വീണ്ടും വെള്ളമൊഴിച്ചു കലക്കി പാല്‍ എടുക്കുക. ഇങ്ങനെ രണ്ടു – മൂന്നു തവണ ചെയ്ത് ഏറ്റവും ഒടുവില്‍ വരുന്ന പിശിട് കളയണം. ഊറ്റിയ പാല്‍ ഒരു മണിക്കൂര്‍ വച്ച് തെളി ഊറ്റിക്കളയുക. മട്ട് മാത്രം എടുത്തു വയ്ക്കുക.
ശര്‍ക്കര ഒന്നര ലീറ്റര്‍ വെള്ളത്തില്‍ ഉരുക്കി അരിച്ചു വയ്ക്കണം. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നര ലീറ്റര്‍ പാലെടുത്തു വയ്ക്കുക.
തയാറാക്കിയ മൈദയില്‍ ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും ചേര്‍ത്തു യോജിപ്പിച്ച് ചുവടുകട്ടിയുള്ള ഉരുളിയില്‍ ഒഴിക്കണം. ഇതു നല്ല തീയില്‍ തുടരെയിളക്കി കുറുക്കണം. അടിയില്‍ പിടിക്കാതിരിക്കാന്‍ കുറേശ്ശെ നെയ്യൊഴിച്ചു കൊടുക്കാം. ഏകദേശം ഹല്‍വയുടെ പരുവമാകുമ്പോള്‍ കഴുവണ്ടിപ്പരിപ്പ് ചേര്‍ത്തിളക്കണം.
സ്പൂണില്‍ എടുത്താല്‍ ഉരുളുന്ന പരുവത്തില്‍ ഹല്‍വ മുറുകുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. നെയ്യ് പുരട്ടിയ പാത്രത്തില്‍ ചൂടോടെ ഒഴിച്ചു നിരത്തി അല്‍പം കശുവണ്ടിപ്പരിപ്പ് മുകളില്‍ വിതറണം. ചൂടാറിയ ശേഷം ഹല്‍വ കഷണങ്ങളാക്കി ഉപയോഗിക്കാം.
ഹല്‍വയ്ക്ക് കൂടുതല്‍ കറുപ്പുനിറം വേണമെങ്കില്‍ 50 ഗ്രാം പഞ്ചസാര കറുപ്പുനിറത്തില്‍ കാരമലാക്കി മൈദ മിശ്രിതത്തില്‍ ചേര്‍ക്കാം.