കല്‍പറ്റ: സംസ്ഥാനത്ത് വൻ കോളിളക്കം ഉണ്ടാക്കായി വയനാട് മുട്ടില്‍ മരംമുറിക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായി മരങ്ങളുടെ ഡി.എൻ.എ വരെ പരിശോധിച്ച കേസിൽ രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്. റിപ്പോർട്ടർ ചാനൽ ഉടമകളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇവരടക്കം 12 പേരാണ് പ്രതികൾ. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധന ഫലത്തിൽ തെളിഞ്ഞിട്ടുണ്ട്.വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം സർക്കാരിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പടെ പ്രതിയാക്കിയാണ് കുറ്റപത്രം.
2020 – 21 വർഷത്തിൽ വയനാട് മുട്ടിലിൽ നിന്നും 2020-ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് കേസ്. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഭൂവുടമകളുടെ പേരിൽ പ്രതികൾ വില്ലേജ് ഓഫിസിൽ സമർപ്പിച്ച അപേക്ഷകൾ വ്യാജമായി നിർമിച്ചതാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അഗസ്റ്റിൻ, സഹോദരങ്ങൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണവും നടക്കുന്നുണ്ട്.
Read Also : നവകേരള സദസ്സിന് വീണ്ടും ബോംബ് ഭീഷണി; സന്ദേശം പോലീസിന്റെ എമർജൻസി നമ്പറിലേക്ക്