കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. എക്‌സൈസ് പിടിച്ചെടുത്തത്
ലഹരിവസ്തുവല്ലെന്നാണ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാര്‍ട്‌മെന്റിന്റെ പരിശോധനാഫലമെന്നും തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ഷീല സണ്ണി നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ചത്. എന്നാല്‍ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കഥ മാറിയത്. ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്‌ക്കോടതികളില്‍നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനല്‍ ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഒരാഴ്ച മുന്‍പാണ് കോപ്പി കൈവശം കിട്ടിയത്.
ബാഗില്‍നിന്നു 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 27നാണ് എക്‌സൈസ് ഷീലയെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ എക്‌സൈസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമാക്കുന്നതാണ് ‘എല്‍എസ്ഡി ടെസ്റ്റ് നെഗറ്റീവ്’ എന്ന റിപ്പോര്‍ട്ടോടെ കാക്കനാട് ലാബില്‍നിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാംപുകളിലും നടത്തിയ 3 ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്.
മേയ് 12നു ലാബില്‍ നിന്നു റിപ്പോര്‍ട്ട് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫിസര്‍ക്കും സര്‍ക്കിള്‍ ഓഫിസര്‍ക്കും അയച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ ഇവ ഇരു ഓഫിസുകളിലും ലഭിച്ചതുമാണ്. എന്നാല്‍, ഈ വിവരം ഷീലയെ അറിയിക്കാന്‍ എക്‌സൈസ് തയാറായില്ല. ഷീല സണ്ണി ഇതിനകം ജയില്‍വാസം കഴിഞ്ഞു ജാമ്യത്തിലിറങ്ങിയിരുന്നു.