പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സ നൽകുന്നതിൽ കാലതാമസം വരുത്തിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്ത് പൊലീസ് . അമ്മുവിന്റെ പിതാവിന്റെ പരാതിയിലാണ് കേസ് എടുത്തത്. ചുട്ടിപ്പാറ സീപാസ് കോളജിലെ അവസാന വർഷ ബിഎസ്.സി നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്ത് പൊയ്ക ശിവം വീട്ടിൽ ടി. സജീവിന്റെ മകൾ അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സ നൽകുന്നതിൽ കാലതാമസം വരുത്തിയതിന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
സംഭവം നടന്ന നവംബർ 15ന് വൈകീട്ട് 5.20ന് ജനറൽ ആശുപത്രി കാഷ്വൽറ്റിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ, ഓർത്തോ ഡോക്ടർ, സ്റ്റാഫ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. വെട്ടിപ്പുറത്തുള്ള എൻ.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയിൽനിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ വൈകീട്ട് 5.15നാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ കൃത്യമായ ചികിത്സ നൽകിയില്ലെന്നും ഐ.സി.യു സൗകര്യമുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചില്ലെന്നും ആരോപിച്ച് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. വൈകീട്ട് 5.15ന് ജനറൽ ആശുപത്രിയിൽ എത്തിച്ച അമ്മു സജീവിനെ രാത്രി ഒമ്പതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചതെന്നും അതിനോടകം മരണം സംഭവിച്ചുവെന്നും പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.
കാഷ്വൽറ്റി ഡ്യൂട്ടി ഡോക്ടർ, ഓർത്തോ ഡോക്ടർ, ജീവനക്കാർ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സപ്പിഴവുണ്ടായെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. തലക്കും ഇടുപ്പിനും തുടക്കും ഉണ്ടായ മാരക പരിക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹപാഠികളായ മൂന്ന് പെൺകുട്ടികളും മനഃശാസ്ത്ര വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് ആക്ഷേപം.