അനില സി എസ്
വീണ്ടുമൊരു ഏഷ്യാ കപ്പ് ഫൈനലിന് കളമൊരുങ്ങുമ്പോൾ ആവേശ കൊടുമുടിയിലാണ് ക്രിക്കറ്റ് പ്രേമികൾ. വർഷങ്ങൾക്കിപ്പുറം ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ ഏറ്റുമുട്ടുന്നത് തന്നെയാണ് പ്രധാന സവിശേഷത. കരുത്തരായ താരനിരയുടെ ആത്മവിശ്വാസത്തിൽ ഇന്ത്യൻ ടീം ഒരുങ്ങുമ്പോൾ ചെറുപ്പത്തിന്റെ കരുത്തോടെ വീര്യം ചോരാത്ത ശ്രീലങ്കയും കൊമ്പുകോർക്കുന്നു. തുടർച്ചയായ പതിമൂന്ന് മത്സരങ്ങൾ കടന്നു വന്ന ശ്രീലങ്കൻ പട പക്ഷെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു മുന്നിൽ മുട്ടുമടക്കി. എന്നാൽ സ്വന്തം തട്ടകത്തിലാണ് ശ്രീലങ്കയ്ക്ക് ഫൈനൽ പോരാട്ടം എന്നത് ഇന്ത്യൻ നിരയ്ക്ക് ചെറിയൊരു വെല്ലുവിളിയാണ്. നിലവിലെ ചാമ്പ്യന്മാർക്ക് മുന്നിൽ വിയർക്കുമോ ഇന്ത്യൻ പട?
കരുത്തരായ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും വിരാട് കോലിയും ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പാകിസ്താനേയും ശ്രീലങ്കയേയും സൂപ്പര്‍ ഫോറില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ പോരിനിറങ്ങുന്നത്. ശ്രീലങ്കയും പാകിസ്താനെ കീഴടക്കിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. പരിക്കിന്റെ പിടിയിൽപ്പെട്ട സൂപ്പർ താരങ്ങളുടെ അഭാവത്തിലും പുതുമുഖങ്ങളെ കൂട്ടുപിടിച്ച് കിരീടം നേടുമെന്നാണ് ശ്രീലങ്കൻ ആരാധകരുടെ പ്രതീക്ഷ. ശ്രീലങ്കയുടെ സ്പിന്‍ നിരയെ ഭയക്കേണ്ടത് തന്നെയാണ്. ഫൈനലില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളിയും ശ്രീലങ്കയുടെ സ്പിന്നര്‍മാരാവും. സൂപ്പർ ഫോറിൽ അത് പ്രകടമായതുമാണ്. ദുനിത് വെല്ലാലാഗെയെപ്പോലെയുള്ള മികച്ച യുവ സ്പിന്നര്‍ ശ്രീലങ്കയുടെ മുൻനിരയിലുണ്ട്. സെഞ്ച്വറികൾ വാരിക്കൂട്ടുന്ന ഇന്ത്യൻ ബാറ്റർമാർ വെല്ലാലാഗെയുടെ മുന്നിൽ അടിപതറിയിട്ടുണ്ട്. അതിനാൽ തന്നെ ലങ്കൻ സ്പിന്നർമാരെ നേരിടാനുള്ള തന്ത്രം ഇന്ത്യ മെനഞ്ഞെ തീരു.
രോഹിത്തിനെയും ഗില്ലിനെയും കോലിയെയും രാഹുലിനെയും ഒഴിച്ച് നിർത്തിയാൽ മറ്റു ഇന്ത്യൻ താരങ്ങളുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങളിൽ ആരാധകർ തൃപ്തരല്ല. ബുംറ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവർ നയിക്കുന്ന ബൗളിംഗ് നിര ഇന്ത്യക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ഒരിടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ബുംറ ഈ വർഷത്തെ ഏഷ്യാ കപ്പിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇവർക്ക് കൂട്ടായി സ്പിന്നർമാരായ ജഡേജയും അക്തർ പട്ടേലും കൂടിച്ചേരുമ്പോൾ ഇന്ത്യൻ ബൗളിംഗ് നിര ശ്രീലങ്കൻ ടീമിനും വെല്ലുവിളി തന്നെയാണ്. ഇങ്ങനെ ഇരു ടീമുകളിലും വജ്രായുധങ്ങൾ ഉണ്ടെന്നത് വാസ്തവം.
2018 നു ശേഷം എട്ടാം കിരീടത്തിനായി ഇന്ത്യയിറങ്ങുമ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പ് നിലനിർത്താനായാണ് ലങ്കൻ പടയുടെ ഒരുക്കം. 2010ലാണ് അവസാനമായി ഇരു ടീമും ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫൈനൽ പോരാട്ടത്തിനായി ഇരു ടീമുകളും ഒരുങ്ങി കഴിഞ്ഞു. ഈ മാസം 17 ന് കൊളമ്പോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നു മണിക്കാണ് കലാശപ്പോരാട്ടം. മഴ മാറി മാനം തെളിഞ്ഞാൽ എക്കാലത്തെയും മികച്ച ഇന്ത്യ – ശ്രീലങ്ക മത്സരങ്ങളിൽ ഒന്നിന് നമുക്ക് സാക്ഷ്യം വഹിക്കാം.
Read Also ഇന്ത്യൻ താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നു; ഐഎസ്എൽ ക്ലബുകൾക്കെതിരെ ഇവാൻ വുക്കാമനോവിച്ച്