തിരുവനന്തപുരം ന്മ കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ കഴിഞ്ഞതാണ് ജനപ്രതിനിധിയെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവന.
ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പര്‍ക്ക പരിപാടിയും കാരുണ്യ ബനവലന്റ് സ്‌കീമും കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷനും സ്വയംഭരണ കോളജുകളും മുതല്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി രൂപവല്‍ക്കരിച്ച സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി വരെ ഒട്ടേറെ സാമൂഹികക്ഷേമ പദ്ധതികള്‍ക്കു തുടക്കമിട്ടെങ്കിലും വരുംതലമുറ അദ്ദേഹത്തെ വിലയിരുത്തുക, നടക്കില്ലെന്നു കരുതിയ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ട മുഖ്യമന്ത്രി എന്ന നിലയിലാകും.
വിഴിഞ്ഞം തുറമുഖം
1995 ല്‍ തുടക്കമിട്ട പദ്ധതി വിവാദങ്ങളില്‍ കുരുങ്ങി 20 വര്‍ഷമാണു നീണ്ടുപോയത്. 2011 ല്‍ അധികാരമേറ്റശേഷം ഉമ്മന്‍ ചാണ്ടി മുന്‍കയ്യെടുത്താണ് കുരുക്കഴിച്ചു തുടങ്ങിയത്. കേന്ദ്രസര്‍ക്കാരില്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തി അനുമതികള്‍ നേടിയെടുത്ത് 2015 ഡിസംബറില്‍ തുറമുഖ നിര്‍മാണം തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ശക്തമായ എതിര്‍പ്പു നേരിടേണ്ടി വന്നു. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ 6500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ പദ്ധതിക്കു പൂര്‍ണപിന്തുണ നല്‍കി. അടുത്തവര്‍ഷം തുറമുഖം പ്രവര്‍ത്തനം തുടങ്ങും.
കൊച്ചി മെട്രോ
പലവിധ വിവാദങ്ങളില്‍ കുരുങ്ങി നീണ്ടുപോയ കൊച്ചി മെട്രോ നിര്‍മാണത്തിനു തുടക്കമിട്ടത് 2012 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ ഡിഎംആര്‍സിക്കു കരാര്‍ നല്‍കി 2013 ല്‍ നിര്‍മാണം തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സര്‍വീസ് തുടങ്ങാന്‍ പക്ഷേ, 2017 വരെ കാത്തിരിക്കേണ്ടിവന്നു.
കണ്ണൂര്‍ വിമാനത്താവളം
1997 ല്‍ തുടക്കമിട്ട പദ്ധതിയാണെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിനു കേന്ദ്രാനുമതി ലഭിച്ചത് 2008 ലാണ്. പക്ഷേ, തുടര്‍പ്രവര്‍ത്തനങ്ങള്‍ നീങ്ങിയില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ലാണ് നിര്‍മാണം തുടങ്ങിയത്. 2016 ല്‍ എയര്‍ഫോഴ്‌സിന്റെ ആദ്യവിമാനം പരീക്ഷണാര്‍ഥം വിമാനത്താവളത്തിലിറക്കി. 2018 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക സര്‍വീസുകള്‍ തുടങ്ങി.
മെഡിക്കല്‍ കോളജുകള്‍
എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചത് ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. 8 മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ആദ്യത്തേത് മഞ്ചേരിയില്‍ 2013ല്‍ ഉദ്ഘാടനം ചെയ്തു. 31 വര്‍ഷത്തിനുശേഷം കേരളത്തില്‍ സ്ഥാപിക്കുന്ന ആദ്യ മെഡിക്കല്‍ കോളജ് ആയിരുന്നു അത്.
ബൈപാസ് വികസനം
40 വര്‍ഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയപാതാ ബൈപാസുകളുടെ നിര്‍മാണം പുനരാരംഭിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ്. ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടം-മുക്കോല) ബൈപാസുകളുടെ നിര്‍മാണം പുനരാരംഭിച്ചത്.