പാലക്കാട്: പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം നാളെ നടക്കും. ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് നാലുപേരും.(Palakkad accident: funeral of four students will be held tomorrow)
നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുടർന്ന് രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. വീട്ടിലെത്തിച്ച ശേഷം പള്ളിക്ക് തൊട്ടടുത്തുള്ള ഹാളില്‍ പൊതുദര്‍ശനം നടക്കും. കുട്ടികള്‍ പഠിച്ച കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാവില്ല.
വിദ്യാർത്ഥികളുടെ മരണത്തെ തുടർന്ന് കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.