ദേവിന റെജി
ശത്രുരാജ്യം ഇന്ത്യയില്‍വന്ന് നിരപരാധികളായ 16 പേരെ കൊല്ലുന്നു. പ്രതികരിക്കാന്‍ പട്ടാളത്തിലെ ധീരനായ ഒരു ഓഫീസര്‍ മുന്നോട്ട് വരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതാകട്ടെ നിരുത്സാഹപ്പെടുത്തലും.
ഒടുവില്‍ സ്വന്തം റിസ്‌കില്‍ പോയി ശത്രുക്കളോട് പ്രതികാരം തീര്‍ത്ത് വിജയിയായി അയാള്‍ തിരിച്ചുവരുന്നു. തന്റെ വിജയത്തിന്റെ തെളിവായി അയാള്‍ കൊണ്ടുവന്നത് ശത്രുക്കളുടെ ചെവിയും.. കേള്‍ക്കുമ്പോള്‍ ഒരു സൂപ്പര്‍ഹീറോ സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഒരു വ്യകതിയുടെ യഥാര്‍ത്ഥ ജീവിതമാണിത്. പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ധീരപുത്രന്‍ ചാന്ദ് മല്‍ഹോത്രയുടെ ജീവിതം.
ആരാണ് ചാന്ദ് മല്‍ഹോത്ര?
ആറടി രണ്ടിഞ്ച് പൊക്കം. കണ്ടാല്‍ ബോളിവുഡ് നടന്മാരെ വെല്ലുന്ന സൗന്ദര്യം.. രണ്ട് രാഷ്ട്രപതിമാരുടെ എഡിസി. ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം ചാന്ദ് മല്‍ഹോത്രയെ. പക്ഷേ ഇത് മാത്രമായിരുന്നില്ല ചാന്ദ് മല്‍ഹോത്ര എന്ന ധീരസൈനികന്‍.
1971-ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഇപ്പോഴത്തേത് പോലെയുള്ള ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് അവസരം വന്നു. നിയന്ത്രണരേഖ കടന്ന് പാക്ക് സൈന്യം ഇന്ത്യന്‍ മണ്ണിലെത്തി. ഇത് അക്കാലത്ത് പതിവുള്ള സംഭവമായിരുന്നു. പാക്‌സൈന്യം വെടിയുതിര്‍ത്താലും ഡല്‍ഹിയില്‍ നിന്നും ഉത്തരംകിട്ടാതെ തിരിച്ചടിക്കാനും സാധിക്കില്ല. ഇത് മുതലാക്കി ഇന്ത്യന്‍ പട്ടാളക്കാരെ പാക്കിസ്ഥാന്‍ സൈന്യം കൊന്നുതള്ളി. 16 പേരുടെ ജീവനാണ് യാതാരു ദാക്ഷിണ്യവും കാട്ടാതെ കൊന്നുതള്ളിയത്. തുടര്‍ന്ന് യാതൊരു കൂസലുമില്ലാതെ അവര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു. അന്ന് പൂഞ്ചില്‍ രജോറിലായിരുന്നു മല്‍ഹോത്ര. ഈ വിവരം മല്‍ഹോത്രയുടെ കാതിലുമെത്തി.
ക്ഷുഭിതനായ അദ്ദേഹം വലിയ തോതില്‍ തിരിച്ചടിക്കണം എന്ന് വാദിച്ചു.
ഈ ഓപ്പറേഷന്‍ ചെയ്യാന്‍ തനിക്ക് അവസരം നല്‍കണമെന്ന് ഓഫീസര്‍മാരോട് അദ്ദേഹം കെഞ്ചി ചോദിച്ചു. പക്ഷേ ആ ശബ്ദം ഡല്‍ഹി അംഗീകരിച്ചില്ല. നയതന്ത്രത്തിന്റെ വഴിയെക്കുറിച്ചായിരുന്നു ഉപദേശം മുഴുവന്‍. ഇതുകേട്ട മല്‍ഹോത്ര സ്വയം തീരുമാനമെടുത്തു.. പത്ത് സൈനികരടങ്ങുന്ന കമാന്‍ഡോ വിങിന്റെ തലവനായിരുന്നു അന്ന് മല്‍ഹോത്ര. ബെറ്റാലിയനിലെ കമാന്‍ഡറിനെ കാര്യമറിയിച്ച് മല്‍ഹോത്ര ദൗത്യം സ്വയമേറ്റെടുത്തു. എന്തുവന്നാലും ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കില്ലെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു മല്‍ഹോത്രയും പത്തുപേരും നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാന്‍ മണ്ണിലെത്തിയത്. 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുഴുവന്‍ പേരുമായി സൈന്യം മടങ്ങിയെത്തി. 37 പേരെ വകവരുത്തിയെന്ന് കൂടെയുണ്ടായിരുന്ന സൈനികന്‍ പറഞ്ഞപ്പോള്‍ ആരും അംഗീകരിച്ചില്ല. കള്ളം പറയുന്നു എന്നവര്‍ പരിഹസിച്ചു. അങ്ങനെ ചര്‍ച്ച കമാന്‍ഡോയുടെ മുന്നിലെത്തി. 37 പേരെ കൊന്നതിന് തെളിവായിരുന്നു അദ്ദേഹം പകരമായി ആവശ്യപ്പെട്ടത്. ഈ സമയം തന്റെ ബാഗില്‍ നിന്ന് മല്‍ഹോത്ര പുറത്തെടുത്തത് 37 ചെവികളായിരുന്നു.
എല്ലാവരുടെയും തല കൊണ്ടുവരാന്‍ തനിക്ക് പ്രായോഗികമല്ല, അതുകൊണ്ടാണ് ചെവി അറുത്തെടുത്ത് കൊണ്ടുവന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. ഇതുകണ്ട കമാന്‍ഡര്‍ ഞെട്ടി. അനൗദ്യോഗികമായി മല്‍ഹോത്രയുടെ ധീരതയെ ഡല്‍ഹിയിലും അറിയിച്ചു. അത് അങ്ങനെ സൂക്ഷിച്ചോളാനായിരുന്നു അവിടെ നിന്ന് കിട്ടിയ മറുപടി.
അറിയാതെ പോകരുത് ധീരജവാനെ
ഇവിടം കൊണ്ട് തീരുന്നില്ല യുദ്ധവീരന്റെ ജൈത്രയാത്ര. തൊട്ട് പിന്നാലെ യുദ്ധമെത്തി. പാക്കിസ്ഥാന്റെ ആയുധശേഖരം തകര്‍ക്കുകയായിരുന്നു ഇന്ത്യന്‍ സേനയുടെ പ്രധാനദൗത്യം. എല്ലാം തകര്‍ത്തു. എന്നാല്‍ ഒരിടത്ത് നിന്ന് മാത്രം നിലയ്ക്കാത്ത വെടിയുണ്ടകളെത്തി. എന്നാല്‍ അതിന്റെ ഉറവിടം എവിടെയെന്ന് ആര്‍ക്കും പിടികിട്ടിയില്ല. അതിര്‍ത്തി കടന്നുപോയി അത് നശിപ്പിക്കുക എന്ന ദൗത്യവും മല്‍ഹോത്ര സ്വയം ഏറ്റെടുത്തു. അങ്ങനെ തന്റെ കമാന്‍ഡോകളുമായി ഒരിക്കല്‍ കൂടി അദ്ദേഹം പാക് മണ്ണിലെത്തി. തന്ത്രപരമായിട്ടാണ് അന്ന് പാക്കിസ്ഥാന്‍ ആയുധങ്ങള്‍ ഒളിപ്പിച്ചത്. മൊണ്ടൂര്‍ എന്ന ഗ്രാമത്തിലായിരുന്നു ആ തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍.
ഗ്രാമത്തിലെ വീടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആയുധങ്ങളുപയോഗിച്ച് ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമിച്ചു. രഹസ്യമായി മണ്ടോളിലെത്തിയ മല്‍ഹോത്ര ആയുധശേഖരം എവിടെ നിന്നെന്ന് മനസിലാക്കി. ആറുവീടുകള്‍ കണ്ടെത്തുകയും ചെയ്തു. ലക്ഷ്യസ്ഥാനത്തെ ഗ്രനേഡ് ഉപയോഗിച്ച് തകര്‍ത്തു. ആരുമറിയാതെ നിയന്ത്രണരേഖ കടന്ന് തിരികെയെത്തി. പാക്കിസഥാനെ യുദ്ധത്തില്‍ മാനസികമായി തളര്‍ത്തിയ ഓപ്പറേഷനായിരുന്നു ഇന്ത്യയുടെ റെയ്ഡ് മണ്ടോള്‍.
അങ്ങനെ ആയുധങ്ങള്‍ തകര്‍ത്ത് രണ്ട് ദിവസത്തിനുള്ളില്‍ ആ യുദ്ധവും അവസാനിച്ചു..
മുമ്പത്തേതില്‍ നിന് വ്യത്യസ്തമായി മണ്ടോളിലെ ആയുധപ്പുര തകര്‍ക്കലില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടായി. പക്ഷേ യുദ്ധസമയത്ത് സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നു ഇത്തരം പ്രശ്‌നങ്ങള്‍. അങ്ങനെ ആ യുദ്ധം വരുതിയിലാക്കിയതിന് പിന്നിലും മല്‍ഹോത്രയുടെ മികവ് ഒന്ന് മാത്രമായിരുന്നു. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കാനുള്ള ചങ്കൂറ്റം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം എന്നതായിരുന്നു മല്‍ഹോത്രയുടെ ശൈലി.
ജീവിതസഖിയായത് മലയാളി
അതുഗ്രന്‍ പ്രണയകഥ കൂടിയുണ്ട് മല്‍ഹോത്രയുടെ ജീവിതത്തില്‍. അതും ഒരു മലയാളി പെണ്‍കുട്ടി തന്നെ. ആദ്യം ഡല്‍ഹി രാഷ്ട്രപതിമാരുടെ സുരക്ഷാചുമതലയായിരുന്നു മല്‍ഹോത്രയ്ക്ക്. ഇവിടെ നിന്നാണ് പ്രണയകഥ തുടങ്ങുന്നത്. അതിസുമുഖനായ മല്‍ഹോത്രയോട് മലയാളി പെണ്‍കുട്ടിക്ക് തോന്നിയ പ്രണയം. അത് മല്‍ഹോത്രയും അംഗീകരിച്ചു. അങ്ങനെ മലയാളിയെ ജീവിതസഖിയാക്കി. രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് മാറി നേരെ പോയത് സൈന്യത്തിലേക്ക്. ഭാര്യയെയും ഒപ്പം കൂട്ടി. യുദ്ധമേഖലയില്‍ നിന്ന് മാറിയായിരുന്നു ഭാര്യയുടെ ക്വാര്‍ട്ടേഴ്‌സ്. മല്‍ഹോത്ര താമസിച്ചത് സൈനികക്യാംപിനടുത്തും. മല്‍ഹോത്രയുടെ പ്രണയനായിക മലയാളി പി എന്‍ സി മേനോന്‍ എന്ന വ്യവസായിയുടെ അടുത്ത ബന്ധുകൂടിയാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച മല്‍ഹോത്ര കുടുംബത്തോടൊപ്പം ബഹറിനിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സൈനികന്റെ മകളായിരുന്നു മല്‍ഹോത്രയുടെ ഭാര്യയും. കുറച്ച് നാളുകളായി ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കിടപ്പിലാണ് റെയ്ഡ് ഓണ്‍ മണ്ടോളിലെ ഇന്ത്യയുടെ സ്വന്തം വീരജേതാവ്.
Also Read:രാജ്യത്തിന്റെ ധീരന്മാർ; അതിർത്തി കാക്കുന്നവരുടെ അവസ്ഥയെന്ത്?