ദേവിന റെജി
വ്യക്തിയെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ഒരാളിലേക്ക് വന്നു ചേരേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. ഇതിനെ മറികടന്ന് നടത്തുന്ന പ്രസ്താവനകള്‍ അവരുടെ നിലവാര തകര്‍ച്ചയെയാണ് തുറന്നുകാട്ടുന്നത്. പറഞ്ഞുവന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവനയെ കുറിച്ചാണ്.
‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം വേണം, അത് എന്ന് മേടിക്കാന്‍ പറ്റുന്നോ, അന്ന് അഭിനയം നിര്‍ത്തും.’ എന്നായിരുന്നു അലന്‍സിയര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി ചലച്ചിത്ര പ്രതിഭകളും ഇരിക്കുന്ന വേദിയില്‍പറഞ്ഞത്. അതിന് ശേഷം പ്രസംഗിച്ചവരാരും തന്നെ അതിനെ തിരുത്താനോ പറഞ്ഞത് പിന്‍വലിക്കണമെന്നോ ആവശ്യപ്പെട്ടില്ലായെന്നതാണ്ചൂണ്ടിക്കാട്ടേണ്ട മറ്റൊരു വസ്തുത.
കേരളത്തില്‍ ചിത്രീകരിക്കപ്പെട്ട മലയാള ചിത്രങ്ങളെ അവാര്‍ഡ്് ജൂറി അവഗണിച്ചിരുന്നുവെങ്കില്‍ പുരസ്‌കാരവേദിയില്‍ കയറി ഷൈന്‍ ചെയ്യാന്‍ അലന്‍സിയറിന് സാധിക്കില്ലായിരുന്നു. പെണ്‍രൂപത്തെ അവഗണിക്കുന്ന അലന്‍സിയര്‍ പിറന്നുവീണതും ഒരമ്മയുടെ വയറ്റില്‍ നിന്ന് തന്നെയല്ലേ. ഇടയ്ക്ക് ലൈംലൈറ്റില്‍ പേര് കിട്ടാന്‍ വിവാദമായ പ്രസ്താവനകള്‍ നടത്തുക, അത് ചോദിക്കാന്‍ വരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയോട് ലൈംഗികച്ചുവയില്‍ സംസാരിക്കുക.. അലന്‍സിയറിനെപ്പോലെയുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ല. കാരണം സ്ത്രീ വിരുദ്ധത പരസ്യമായി കാണിക്കുന്നയാളാണ് അലന്‍സിയര്‍.
പുരസ്‌കാരവേദികളിലെ അറിയാക്കഥകള്‍
പുരസ്‌കാരവേദിയില്‍ വച്ചുണ്ടാകുന്ന ആദ്യത്തെ വിവാദമൊന്നുമല്ലയിത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തോളം തന്നെ പഴക്കമുണ്ട് അവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും. 1972 – ലായിരുന്നു ആദ്യ വിവാദം. വിവാദമുണ്ടാക്കിയതാകട്ടെ അടൂര്‍ ഗോപാലകൃഷ്ണനും. കേരളത്തില്‍ ചിത്രീകരിച്ച ചിത്രങ്ങളെ പരിഗണിക്കാതെ മറ്റ് ചിത്രങ്ങള്‍ക്ക് പുരസ്‌കാരം നല്‍കിയതിനെ അപലപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനം നടത്തി. അതിനുശേഷമാണ് പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിച്ച് തുടങ്ങിയത്.
കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, കൃത്യമായി പറഞ്ഞാല്‍ 1994 ല്‍ പിആര്‍ഡിയില്‍ നേരിട്ടെത്തി ജി ദേവരാജന്‍ മാസ്റ്റര്‍ നടത്തിയ പ്രതിഷേധമാണ് ചരിത്രത്തില്‍ ഇടം നേടിയ മറ്റൊരു വിവാദം. മൗലികതയില്ലാത്ത ഗാനസംവിധാനത്തിന് ആ വര്‍ഷത്തെ അവാര്‍ഡ് നല്‍കിയെന്നായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ ആരോപണം.
അതുവരെ ലഭിച്ച എല്ലാ പുരസ്‌കാരങ്ങളുമായി പിആര്‍ഡിയിലെത്തിയ ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡ് തുക തിരികെ നല്‍കുന്നതിനായി ബാങ്ക് ചെക്കും പിആര്‍ഡിയെ ഏല്‍പ്പിച്ചു. അതുപോലെ ഒരു പ്രതിഷേധവും വിവാദവും പുരസ്‌കാരവുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായിട്ടില്ല. അപ്പോഴാണ് പുരസ്‌കാരത്തിന് പെണ്‍രൂപമെന്നുള്ള അലന്‍സിയറുടെ ബാലിശമായ പ്രസ്താവന.
ഉടലഴകിന്റെ പെണ്‍ചരിത്രം
കേരളത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആദ്യമായി ഏര്‍പ്പെടുത്തുന്നത്
1969-ലാണ്. ശില്‍പ്പം തയാറാക്കാനായി സാംസ്‌കാരികവകുപ്പ് കണ്ടെത്തിയതാകട്ടെ ചിത്രകാരനും അക്കാലത്ത് വ്യവസായ സെക്രട്ടറിയുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനെയും. നൃത്തം ചെയ്യുന്ന നര്‍ത്തകി എന്ന സ്വന്തം ആശയത്തില്‍ നിന്നാണ് മലയാറ്റൂര്‍ പുരസ്‌കാര ശില്‍പ്പത്തിന് രൂപം നല്‍കിയത്. ഓട് കൊണ്ടുണ്ടാക്കുന്ന ശില്‍പ്പത്തിന് മൂന്ന് കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്നു.
തൊട്ടടുത്ത വര്‍ഷം ശില്‍പ്പം സര്‍ക്കാര്‍ വീണ്ടും പരിഷ്‌കരിച്ചു. നര്‍ത്തകിയുടെ കൈകള്‍ ഒതുക്കി ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കി. ശില്‍പ്പി എം ആര്‍ ഡി ദത്തനാണ് ശില്‍പ്പത്തിന്റെ മുഖം മിനുക്കിയത്. ആദ്യകാലത്ത് ശില്‍പ്പത്തിന്റെ അടിഭാഗം ഉരുണ്ട രീതിയിലായിരുന്നു. അതിലാണ് അവാര്‍ഡ് ജേതാവിന്റെ പേര് എഴുതിയിരുന്നത്. പിന്നീട് ലോഹത്തില്‍ പേര് എഴുതുന്ന സാങ്കേതികവിദ്യ വന്നശേഷം ശില്‍പ്പത്തിന്റെ അടിഭാഗത്ത് ചതുരാകൃതിയിലുള്ള ഒരു മെറ്റല്‍ ബോക്സ് കൂടി കൂട്ടിച്ചേര്‍ത്തു.
കരുണാകരന്‍ മുഖ്യമന്ത്രിയായ സമയത്താണ് ശില്‍പ്പത്തിന്റെ ഭാരം ആദ്യമായി കുറയ്ക്കുന്നത്. മൂന്ന് കിലോയ്ക്കടുത്ത് ഭാരമുള്ള ശില്‍പ്പം എടുത്തുനല്‍കുന്നത് ഒഴിവാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ച സര്‍ക്കാര്‍, മുഖ്യമന്ത്രിക്ക് വിതരണം ചെയ്യാനായി ശില്‍പ്പത്തിന്റെ ഭാരം കുറച്ചു.
കരുണാകരന്റെ കാലത്തിനുശേഷം തീരുമാനം മാറ്റിയ സര്‍ക്കാര്‍, വീണ്ടും ശില്‍പ്പനിര്‍മാണം ഓടില്‍ തന്നെയാക്കി. ഇപ്പോള്‍ കൈയില്‍ പിടിക്കാവുന്ന ഭാരത്തിലാണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. എന്തായാലും മാധ്യമങ്ങള്‍ക്ക് അന്തിച്ചര്‍ച്ചയ്ക്കുള്ള വക ഒരുക്കിക്കൊടുത്തിരിക്കുകയാണ് അലന്‍സിയര്‍.
Also Read:ശിവനും ശക്തിയും ചേര്‍ന്നാല്‍ മാസെടാ…പിണക്കം തീര്‍ത്ത് നടന്‍ വിജയ്‌യും അച്ഛനും