കൊല്‍ക്കത്ത: ഇന്ത്യയുടെയും യുഎസിന്റെയും വ്യോമസേനകളുടെ കരുത്തറിയിച്ച് സംയുക്ത സൈനികാഭ്യാസം. ബംഗാളിലെ പശ്ചിം മേദിനിപുര്‍ ജില്ലയിലെ കലൈകുണ്ഡ വ്യോമകേന്ദ്രത്തിലായിരുന്നു അഭ്യാസപ്രകടനം. കോപ് ഇന്ത്യ 2023 പരിപാടിയുടെ ഭാഗമായുള്ള പരിശീലനത്തില്‍ വിവിധ പോര്‍വിമാനങ്ങളാണ് അണിനിരന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള 5 പോര്‍വിമാനങ്ങള്‍ വ്യോമത്താവളത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് വിവിധ പരിശീലനങ്ങള്‍ നടത്തി. തേജസ്, റഫാല്‍, ജാഗ്വര്‍, സുഖോയ്-30 എന്നീ വിമാനങ്ങള്‍ ഇന്ത്യ അണിനിരത്തി. എഫ്-15 ആണ് യുഎസ് വ്യോമസേന പറത്തിയത്. ഏപ്രില്‍ 10ന് ആരംഭിച്ച സൈനിക പരിശീലനം തിങ്കളാഴ്ച സമാപിക്കും. തുടര്‍ച്ചയായി 12 ദിവസം ഇരുസേനകളും വ്യോമപരിശീലനം നടത്തി വിവരങ്ങള്‍ കൈമാറിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.