തിരുവനന്തപുരം: വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂര്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വാക്കുകള്‍. പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ സമയമാണിത്. വലിയ സന്തോഷം നിറഞ്ഞ നിമിഷം കൂടിയാണ്. പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
അതേ സമയം, കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തില്‍ പ്രതികരിച്ച് സിപിഎം. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വന്ന് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. വര്‍ഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കര്‍ണാടകയില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.