ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 3000 റണ്‍സ് തികച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്ലര്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലൂടെയാണ് താരം നാഴികക്കല്ല് താണ്ടിയത്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ അതിവേഗത്തില്‍ 3000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡ് ബട്ലര്‍ സ്വന്തമാക്കി. 86 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. ചെന്നൈയ്ക്കെതിരേ 36 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ബട്ലറുടെ അക്കൗണ്ടില്‍ നിലവില്‍ 3035 റണ്‍സുണ്ട്. 3000 റണ്‍സ് വേഗത്തില്‍ കൈവരിച്ചതിന്റെ റെക്കോഡ് ക്രിസ് ഗെയ്ലിന്റെ പേരിലാണുള്ളത്. വെറും 75 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 80 മത്സരങ്ങളില്‍ നിന്ന് 3000 റണ്‍സ് നേടിയ കെ.എല്‍.രാഹുലാണ് പട്ടികയില്‍ രണ്ടാമത്.
ഐ.പി.എല്ലില്‍ 3000 റണ്‍സ് നേടുന്ന 21-ാം ബാറ്റര്‍ കൂടിയാണ് ബട്ലര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യം ഇംഗ്ലീഷ് താരം എന്ന റെക്കോഡും ബട്ലര്‍ സ്വന്തമാക്കി. വിദേശതാരങ്ങളുടെ കാര്യമെടുക്കുമ്പോള്‍ 3000 റണ്‍സെടുക്കുന്ന ആറാം ബാറ്ററാണ് ബട്ലര്‍. ഡേവിഡ് വാര്‍ണര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍, എ.ബി.ഡിവില്ലിയേഴ്സ്, ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡുപ്ലെസ്സി എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.