ടോക്കിയോ: മേഖലയില്‍ പരിഭ്രാന്തി പടര്‍ത്തി വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ. ഇതേത്തുടര്‍ന്നു ജപ്പാന്‍ സര്‍ക്കാര്‍ ഹൊക്കൈഡോയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണു ഹൊക്കൈഡോ. ജനങ്ങളെ ‘അടിയന്തരമായി ഒഴിപ്പിക്കണം’ എന്നായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
മിസൈല്‍ പതിച്ചുള്ള ദുരന്തത്തില്‍നിന്നു രക്ഷപ്പെടാനായി കെട്ടിടങ്ങള്‍ക്കുള്ളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ജനം അഭയം തേടണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, ജപ്പാന്റെ വടക്കന്‍ മേഖലയില്‍ മിസൈല്‍ പതിച്ചിട്ടില്ലെന്നു പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രാദേശിക സമയം രാവിലെ എട്ടോടെ മിസൈല്‍ പതിക്കുമെന്നായിരുന്നു അറിയിപ്പ്. അപകടസാഹചര്യം ഇപ്പോഴില്ലെന്ന് ഹൊക്കൈഡോയിലെ അസാഹിക്കാവ നഗരാധികൃതര്‍ വ്യക്തമാക്കി.
ആണവശേഷിയുള്ള അന്തര്‍വാഹിനി ഡ്രോണിന്റെ രണ്ടാമത്തെ പരീക്ഷണം വിജയിച്ചതായി കഴിഞ്ഞദിവസം ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ ആണവഭീഷണിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ സോളില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നായിരുന്നു അന്തര്‍വാഹിനി ഡ്രോണ്‍ പരീക്ഷിച്ച വിവരം പുറത്തുവിട്ടത്. സൂനാമി എന്നര്‍ഥം വരുന്ന ഹെയ്ല്‍-2 എന്ന ഡ്രോണിന് 1000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുണ്ടെന്നാണ് അവകാശവാദം.