വിദേശിയാണെങ്കിലും സ്വദേശിയെപ്പോലെ മലയാളികള്‍ ചേര്‍ത്തു പിടിക്കുന്ന പഴങ്ങളില്‍ ഒന്നാണ് പിയര്‍. പത്ത് വര്‍ഷം മുന്‍പ് കിട്ടാക്കനിയായിരുന്നെങ്കിലും ഇന്ന് മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇവ ലഭ്യമാണ്. നിറത്തിലും രൂപത്തിലും കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന പിയര്‍ രുചിയിലും മുന്നിലാണ്. പിയര്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരുപാട് വിഭവങ്ങളുണ്ട്. അതില്‍ ചൈനീസ് മുതല്‍ ഫ്രഞ്ച് വരെ ഉള്‍പ്പെടും. വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പിയര്‍ അപ് സൈഡ് ഡൗണ്‍ കേക്കിനെ പരിചയപ്പെടാം.
ചേരുവകള്‍
മുട്ട – 2 എണ്ണം
പഞ്ചസാര – കാല്‍ കപ്പ്
ഓയില്‍ – കാല്‍ കപ്പ്
പാല്‍ – കാല്‍കപ്പ്
വാനില എസ്സന്‍സ് – ഒരു ടീ സ്പൂണ്‍
മൈദ – ഒന്നര കപ്പ്
ബേക്കിങ് പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍
പിയര്‍ – 3 എണ്ണം
ബട്ടര്‍ – 4 ടേബിള്‍ സ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ – അര കപ്പ്
തയാറാക്കുന്ന വിധം
അവ്ന്‍ 350 ഡിഗ്രി ഫാരന്‍ഹീറ്റ്/ 180 ഡിഗ്രി സെല്‍ഷ്യസ് പ്രീ ഹീറ്റ് ചെയ്തിടുക. ഒരു ബൗളിലേക്ക് 2 മുട്ട പൊട്ടിച്ച് ഒഴിച്ച് കാല്‍ കപ്പ് പഞ്ചസാര ചേര്‍ത്തു നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്കു കാല്‍ കപ്പ് ഓയില്‍, കാല്‍ കപ്പ് പാല്‍, ഒരു ടീ സ്പൂണ്‍ വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് വീണ്ടും ബീറ്റ് ചെയ്‌തെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒന്നര കപ്പ് മൈദ, ബേക്കിങ് പൗഡര്‍ എന്നിവ അരിപ്പയിലൂടെ ഇടഞ്ഞ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിയര്‍ തൊലി കളഞ്ഞ് ഇടത്തരം വലുപ്പത്തില്‍ മുറിച്ചു മാറ്റി വയ്ക്കുക.
ഒരു പാനില്‍ 4 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ എടുത്ത് ഉരുക്കി അതില്‍ അരക്കപ്പ് ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 3-4 മിനിറ്റ് ഇളക്കി പഞ്ചസാര ഉരുക്കിക്കഴിഞ്ഞാല്‍ വെണ്ണ പുരട്ടി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിക്കുക. ടിന്നില്‍ നന്നായി പരത്തിയതിനു ശേഷം ഇതിനു മുകളില്‍ മുറിച്ചു വച്ചിരിക്കുന്ന പിയര്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ബ്രൗണ്‍ ഷുഗര്‍ മിശ്രിതം മൂടും വരെ പിയര്‍ കഷ്ണങ്ങള്‍ ചേര്‍ക്കണം. ഇതിനു മുകളില്‍, നേരത്തേ തയാറാക്കി വച്ച കേക്ക് മിക്‌സ് ചേര്‍ക്കുക. മിശ്രിതത്തിനുള്ളിലെ എയര്‍ ബബിള്‍ കളയാന്‍ കേക്ക് ടിന്‍ രണ്ടുമൂന്നു വട്ടം ചെറുതായി മേശയില്‍ തട്ടി അവ്‌നിലേക്ക് മാറ്റുക. അവ്ന്‍ 350 ഡിഗ്രി ഫാരന്‍ഹീറ്റ്/ 180 ഡിഗ്രി സെല്‍ഷ്യസ് 40-45 മിനിറ്റ് വരെ ബേക്ക് ചെയ്യുക. തണുത്തു കഴിഞ്ഞ് ഐസ്‌ക്രീം, ചോക്ലേറ്റ് സോസ് എന്നിവയ്‌ക്കൊപ്പം വിളമ്പാം.