ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെപ്പോലും പ്രഖ്യാപിക്കാതെ ഭരണകക്ഷിയായ ബിജെപി. സിറ്റിങ് എംഎല്‍എമാരുടെയും എംപിമാരുടെയും മക്കള്‍ മത്സരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതം അറിയിച്ചതാണു സ്ഥാനാര്‍ഥിപ്പട്ടിക വൈകാന്‍ കാരണമെന്നാണു സൂചന. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിപ്രഖ്യാപനം നേരത്തേ നടത്തി പ്രചാരണം തുടങ്ങി.
ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസം കൂടി വൈകിയേക്കുമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചില മണ്ഡലങ്ങളില്‍ നേരത്തേ നിശ്ചയിച്ചവരെ മാറ്റി പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കും. ഞായറാഴ്ച ചേര്‍ന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണു മോദി നീരസം പ്രകടിപ്പിച്ചത്. സിറ്റിങ് എംഎല്‍എമാരുടെയും എംപിമാരുടെയും മക്കള്‍ക്കു സീറ്റ് നല്കുന്നതില് താല്പര്യമില്ലെന്നു വ്യക്തമാക്കിയ മോദി, സ്ഥാനാര്‍ഥികളായി പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നിലപാട് കടുപ്പിച്ചതോടെ, യോഗത്തില്‍നിന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പ ഇറങ്ങിപ്പോയതായി അഭ്യൂഹമുണ്ട്. നേതാക്കളുടെ മക്കള്‍ക്കു സീറ്റ് നല്‍കേണ്ടെന്നു ബിജെപി തീരുമാനിച്ചാല്‍, യെഡിയൂരപ്പയുടെ മകന് ബി.വൈ.വിജയേന്ദ്രയുടെ സ്ഥാനാര്‍ഥിത്വം തുലാസിലാകും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ തിങ്കളാഴ്ച സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ യോഗത്തില്‍ യെഡിയൂരപ്പ പങ്കെടുത്തുമില്ല.